പരമ്പരാഗത കുറ്റാന്വേഷണ കഥകൾക്ക് മാറ്റം; വ്യത്യസ്തരായ നായകന്മാരും പശ്ചാത്തലവും അനിവാര്യമെന്ന് എഴുത്തുകാർ
ഷാർജ: കുറ്റാന്വേഷണ സാഹിത്യശാഖ (Crime Fiction) പരമ്പരാഗത ഡിറ്റക്ടീവ് സങ്കൽപ്പങ്ങളിൽ നിന്നും പഴയ പശ്ചാത്തലങ്ങളിൽ നിന്നും മാറി സഞ്ചരിക്കുകയാണെന്ന് പ്രശസ്ത എഴുത്തുകാരായ വസീം ഖാനും ഡേവിഡ് ഫെന്നലും അഭിപ്രായപ്പെട്ടു. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (SIBF 2026) ‘ആരാണ് കുറ്റകൃത്യം തെളിയിക്കേണ്ടത്?’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. സ്വാതന്ത്ര്യാനന്തര ബോംബെയിലെ ഇന്ത്യയുടെ ആദ്യ വനിതാ പോലീസ് ഡിറ്റക്ടീവ് കഥാപാത്രമായ ‘ഇൻസ്പെക്ടർ പെർസിസ് വാഡിയ’യെ സൃഷ്ടിച്ച അനുഭവം ബ്രിട്ടീഷ് എഴുത്തുകാരൻ വസീം ഖാൻ പങ്കുവെച്ചു.
1950-കളിലെ പുരുഷാധിപത്യമുള്ള പോലീസ് സേനയിൽ ഒരു വനിതാ ഉദ്യോഗസ്ഥയെ കൊണ്ടുവരുന്നത് കഥയ്ക്ക് കൂടുതൽ സംഘർഷഭരിതമായ പശ്ചാത്തലം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. കഥ നടക്കുന്ന പശ്ചാത്തലത്തിന് (Setting) ഒരു കഥാപാത്രത്തിന്റെ അത്രതന്നെ പ്രാധാന്യമുണ്ടെന്ന് ഡേവിഡ് ഫെന്നൽ വ്യക്തമാക്കി. ഗോഥിക് സാഹിത്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തൻ്റെ കൃതികളിൽ ഉദ്വേഗം നിലനിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എലിസബത്ത് എസ്. മൂർ മോഡറേറ്ററായ സെഷൻ, കുറ്റാന്വേഷണ കഥകളിലെ പുതിയ പരീക്ഷണങ്ങൾ ചർച്ച ചെയ്തു
