മദ്യ നയം രൂപീകരിക്കും വരെ നടപടികൾ പാടില്ലെന്ന് ഉത്തരവ്

0
LIQR

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ മദ്യനയം രൂപീകരിക്കുന്നതുവരെ പുതിയ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് കാണിച്ച് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് എക്സൈസ് കമ്മീഷണർ  ആർ. ജയശങ്കർ ഔദ്യോഗിക നിർദ്ദേശം അയച്ചു.

നവംബർ 3, ആഗസ്റ്റ് 4 തീയതികളിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. മദ്യവ്യാപാരം ഉൾപ്പെടെ വിവിധ ബിസിനസുകൾക്കായുള്ള ലൈസൻസുകൾ നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവുകൾ. നിലവിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ പുതിയ നയം രൂപീകരിച്ച ശേഷം ആവശ്യമായ ഭേദഗതികളോടെ വീണ്ടും അപേക്ഷ സമർപ്പിക്കാൻ അപേക്ഷകരോട് ആവശ്യപ്പെടാൻ നിർദ്ദേശത്തിൽ പറയുന്നു. നയം വരുന്നതുവരെ പുതിയ ലൈസൻസുകളുമായി ബന്ധപ്പെട്ട ഒരു നടപടിയും ആരംഭിക്കരുതെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

മുൻ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ മാറ്റിയതിനെത്തുടർന്നാണ് ആർ. ജയശങ്കറിന് എക്സൈസ് കമ്മീഷണറുടെ അധിക ചുമതല നൽകിയത്. എറണാകുളം, കോട്ടയം ജില്ലകളിൽ മുൻ സർക്കാരിന്റെ കാലത്ത് ചില ബാറുകൾക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചാലക്കുടിയിലെ ഒരു ബേക്കറി ശൃംഖലയ്ക്ക് ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയതിനെതിരെയും മന്ത്രി രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ലൈസൻസുകൾ നൽകുന്നതിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസാവസാനത്തോടെ സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *