വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി

0
LPG

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യാന്തരതലത്തിൽ ഉണ്ടായ പാചകവാതക വിതരണ തടസ്സങ്ങൾ പരിഹരിക്കപ്പെട്ടതോടെ, വാണിജ്യ എൽപിജിസിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് പൂർണ്ണമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി ഡോ. നീരജ് മിത്തൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.

പശ്ചിമേഷ്യൻ പ്രതിസന്ധി ഘട്ടത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കായി പാചകവാതക ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു വാണിജ്യ എൽപിജിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഗാർഹിക വിപണി സുരക്ഷിതമാക്കാൻ എടുത്ത ഈ നടപടി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. പുതിയ ഉത്തരവോടെ അത്തരം മേഖലകളിലെ പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരമാകും. ഇതോടൊപ്പം വൻതോതിലുള്ള എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങളിലും മന്ത്രാലയം ഇളവ് വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ വിതരണം പുനഃസ്ഥാപിക്കാൻ എണ്ണക്കമ്പനികൾക്ക് അനുമതി നൽകി.

വാണിജ്യ-വ്യവസായ എൽപിജി ഉപഭോക്താക്കളുടെ വിവരങ്ങൾ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ കൃത്യമായി ശേഖരിക്കുകയും പരിപാലിക്കുകയും ചെയ്യും. വിതരണവും നിരീക്ഷണവും കൂടുതൽ സുഗമമാക്കുന്നതിനായി മൂന്ന് പൊതുമേഖലാ ഒഎംസികളെയും ഉൾപ്പെടുത്തി ഒരു ഏകീകൃത ഡാറ്റാബേസ് വികസിപ്പിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *