പെരുമ്പാവൂർ എ.എം. റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരനിർദ്ദേശവുമായി സമർ അലി മൂക്കട

കൂവപ്പടി ജി. ഹരികുമാർ
പെരുമ്പാവൂർ: നഗരഹൃദയത്തെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിയാത്ത സാഹചര്യത്തിൽ, ചർച്ചയായി സോഷ്യൽ മീഡിയയിലെ പുതിയ നിർദ്ദേശം. ജില്ലയിലെ പലയിടങ്ങളിലും വഴിയോരക്കച്ചവടം നടത്തുന്ന മുടിയ്ക്കൽ മൂക്കട വീട്ടിൽ സമർ അലിയാണ് ഒരു നിർദ്ദേശം മുന്നോട്ടുവച്ചത്. ഗതാഗത പരിഷ്കരണങ്ങൾ പലതു വന്നിട്ടും അഴിയാക്കുരുക്കായി തുടരുന്ന ആലുവ-മൂന്നാർ (എ.എം) റോഡിലെ ഗാന്ധി സ്ക്വയറിന്റെ വിസ്തീർണ്ണം കുറച്ചുകൊണ്ട് റോഡിന് വീതി കൂട്ടണമെന്ന ആവശ്യമാണ് ഇപ്പോൾ പൊതുവേദികളിൽ സജീവമാകുന്നത്. സമർ അലി തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഈ നിർദ്ദേശം പെരുമ്പാവൂരുകാരുടെ ഇടയിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.
പ്രശസ്ത ശില്പി അന്തരിച്ച എൻ. അപ്പുക്കുട്ടൻ നിർമ്മിച്ച, നഗരത്തിന്റെ അടയാളമായ പൂർണ്ണകായ ഗാന്ധിശില്പം അതിന്റെ പൂർണ്ണതയോടെ നിലനിർത്തിക്കൊണ്ടു തന്നെ, അതിനു ചുറ്റുമുള്ള പ്ലാറ്റ്ഫോമിന്റെ (സ്ക്വയർ) വിസ്തൃതി എങ്ങനെ കുറച്ച് മനോഹരമായി പുനർനിർമ്മിയ്ക്കാം എന്നതിനെക്കുറിച്ച് ഈ വഴിയോരക്കച്ചവടക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് പക്ഷെ അധികൃതരുടെ ശ്രദ്ധയിൽ പെട്ടില്ല. രണ്ടായിരമാണ്ടിൽ കെ. കരുണാകരൻ എം.പി ആയിരുന്ന കാലത്താണ് ഈ ശില്പം അനാവരണം ചെയ്യപ്പെടുന്നത്. അന്നത്തെ എം.എൽ.എ പി.പി. തങ്കച്ചൻ, നഗരസഭാ ചെയർമാൻ ടി.പി. ഹസ്സൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. പട്ടണത്തിൽ അത്രയേറെ ജനത്തിരക്ക് ഉണ്ടായിരുന്നില്ലാത്ത കാലത്തായിരുന്നു ഗാന്ധി സ്ക്വയറിന്റെ നിർമ്മാണം.
മുനിസിപ്പൽ ഓഫീസിന് മുന്നിൽ നിന്നുള്ള റോഡും കോലഞ്ചേരി റോഡും എ.എം റോഡുമായി സംഗമിക്കുന്ന ഈ ജംഗ്ഷനിലാണ് നിലവിൽ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. വാഹനങ്ങൾ ശില്പത്തെ ചുറ്റിക്കറങ്ങിപ്പോകേണ്ട പരിഷ്കാരം വന്നിട്ട് വർഷങ്ങളായെങ്കിലും, ഗതാഗതത്തിരക്കേറിയ സമയങ്ങളിൽ രണ്ടും മൂന്നും പോലീസുകാർ ഒരേസമയം ഡ്യൂട്ടിയിൽ നിന്നിട്ടും വാഹനങ്ങൾക്ക് പെട്ടെന്ന് കടന്നുപോകാൻ കഴിയാറില്ല. കിഴക്കൻ മേഖലയിൽ നിന്നും രോഗികളുമായെത്തുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്നത് നിത്യേനയുള്ള കാഴ്ചയാണ്. നഗരത്തിനുള്ളിൽ എ.എം റോഡിന്റെ വീതികൂട്ടൽ അനിശ്ചിതത്വത്തിൽ തുടരുന്നിടത്തോളം കാലം, ജംഗ്ഷനുകളിലെ സ്ഥലപരിമിതി മാറ്റുക മാത്രമാണ് താൽക്കാലികവും പ്രായോഗികവുമായ പോംവഴിയെന്നാണ് ജനം പറയുന്നത്.
ഗാന്ധി സ്ക്വയറിന്റെ വലിപ്പം ശാസ്ത്രീയമായി കുറയ്ക്കുന്നതിലൂടെ നാലു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് സുഗമമായി തിരിയാനും കടന്നുപോകാനും ആവശ്യമായ അധിക സ്ഥലം ലഭ്യമാകും. ഇത് ഭാവി വികസനത്തിനും ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. സമൂഹമാധ്യമത്തിലെ സമർ അലിയുടെ ഈ നിർദ്ദേശത്തിന് ഒട്ടനവധിപേരാണ് പിന്തുണ അറിയിച്ചത്. നഗരസഭാ കൗൺസിലും പെരുമ്പാവൂർ എം.എൽ.എയും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, ഒരു സാങ്കേതിക വിദഗ്ദ്ധസമിതിയെക്കൊണ്ട് ഇതിന്റെ സാധ്യതകൾ പരിശോധിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
