അക്കാഫ് വെൽഫെയർ ക്ലബ്ബിന് തുടക്കമായി : വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു

ദുബായ്: ഓൾ കേരള കോളേജസ് അലുമ്നി ഫോറം (അക്കാഫ്) വെൽഫെയർ ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 21-ന് അക്കാഫ് ഇവന്റ്സ് ഓഫീസിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘടനയുടെ ചീഫ് പാട്രണായ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി പ്രശസ്ത സാമ്പത്തിക വിദഗ്ധനും ബുർജീൽ ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് ഡയറക്ടറുമായ കെ. വി. ഷംസുദ്ദീൻ “പ്രവാസികളുടെ സാമ്പത്തിക അച്ചടക്കം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ക്ലാസ് നയിച്ചു. സാമ്പത്തിക ആസൂത്രണത്തിന്റെയും നിക്ഷേപ ശീലങ്ങളുടെയും പ്രാധാന്യം അദ്ദേഹം അംഗങ്ങൾക്ക് വിശദീകരിച്ചു.
അക്കാഫ് ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ബിന്ദു ആന്റണി എന്നിവർ വെൽഫെയർ ക്ലബ്ബിന്റെ അഡ്വൈസർമാരാണ്. അക്കാഫ് വെൽഫെയർ ക്ലബ്ബിന്റെ സെക്രട്ടറിയായി അജ്മൽ അബ്ദുള്ള (EBCAA കോളേജ്) തിരഞ്ഞെടുക്കപ്പെട്ടു. ഷബ്ന (എസ്.എൻ. കോളേജ്, വർക്കല), മുനീർ ബേരിക (ഗോവിന്ദ പൈ കോളേജ്, മഞ്ചേശ്വരം), പ്രീത സുധി ( Loyola College തിരുവനന്തപുരം )എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി ചുമതലയേറ്റു.
ചടങ്ങിൽ അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, സെക്രട്ടറി കെ. വി. മനോജ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷകീർ ഹുസൈൻ, ജോയിന്റ് ട്രഷറർ ജാഫർ കണ്ണാട്ട് , ചാരിറ്റി & കൾച്ചറൽ കോർഡിനേറ്റർ വി സി മനോജ്, അസിസ്റ്റന്റ് ചീഫ് കോർഡിനേറ്റർ സനീഷ് കുമാർ, ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ലേഡീസ് വിങ് ജോയിന്റ് സെക്രട്ടറി മുന ഉല്ലാസ്, എന്നിവർ സംസാരിച്ചു. ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദി രേഖപ്പെടുത്തി.
അക്കാഫ് അംഗങ്ങളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വെൽഫെയർ ക്ലബ്ബ് ആദ്യഘട്ടത്തിൽ പ്രിവിലേജ് കാർഡ് പദ്ധതി, നോർക്ക/പ്രവാസി പെൻഷൻ ഹെൽപ്ഡെസ്ക്, അംഗക്ഷേമ പദ്ധതികൾ എന്നിവ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർഘട്ടങ്ങളിൽ അക്കാഫ് പെൻഷൻ പദ്ധതി, ഇൻഷുറൻസ് പദ്ധതി, ഓണറേറിയം, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, തൊഴിൽ അവസരങ്ങൾ, നൈപുണ്യ വികസന പരിശീലന പരിപാടികൾ തുടങ്ങി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും അവർ അറിയിച്ചു.
ഏകദേശം 300 ഓളം അംഗങ്ങളും അതിഥികളും പങ്കെടുത്ത പരിപാടി അക്കാഫ് വെൽഫെയർ ക്ലബ് ടീമിന്റെ നേതൃത്വത്തിൽ വിജയകരമായി സംഘടിപ്പിച്ചു.
