യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം: മോസ്‌കോയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തി

0
MSC AIR

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ പ്രധാന വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് അധികൃതര്‍ അടിയന്തര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കാനായി ലക്ഷ്യമിട്ട നിരവധി ഡ്രോണുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള വ്യോമഗതാഗതത്തില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.മോസ്‌കോയിലെ പ്രധാന വിമാനത്താവളങ്ങളായ ഷെരെമെത്യേവോ, ദൊമോദെദോവോ, നൂക്കോവോ, ഷുക്കോവ്‌സ്‌കി എന്നിവിടങ്ങളിലാണ് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്.

നൂറുകണക്കിന് പേര്‍ക്ക് യാത്രാതടസം നേരിട്ടു. സുരക്ഷാ വിലയിരുത്തലുകള്‍ പൂര്‍ത്തിയാകുന്നതുവരെ നിയന്ത്രണം തുടരുമെന്നാണ് റഷ്യന്‍ വ്യോമയാന അധികൃതര്‍ അറിയിച്ചത്. വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.റഷ്യയുടെ വിവിധ മേഖലകളില്‍ യുക്രെയ്ന്‍ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തുന്നുണ്ട്. 500ലേറെ ഡ്രോണുകള്‍ കഴിഞ്ഞ രാത്രി മാത്രം വെടിവെച്ചിട്ടെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *