ഓപ്പറേഷൻ തൂഫാൻ- കൊല്ലത്ത് എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

0
SHANNN

കൊല്ലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധന തുടരുന്നതിനിടെ 7.120 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ആലുംകടവ് നമ്പരുവികാല പുത്തൻവീട്ടിൽ ഷാൻ (32) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇടക്കുളങ്ങര ഉണ്ണീരയ്യത്ത് കാവിന് സമീപം നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 7.120 ഗ്രാം എം.ഡി.എം.എ യുമായി ഇയാൾ പിടിയിലാവുകയായിരുന്നു. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യ്ത ശേഷം എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സ്‌കൂളുകളിലെയും കോളേജുകളിലെയും പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നത്. പോലീസ് സംഘം നടത്തിയ നിരീക്ഷണത്തിൽ തനിച്ച് താമസിച്ചിരുന്ന ഇയാളുടെ വീട്ടിൽ സ്ത്രീകളും സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളും ഇടക്കിടക്ക് വന്ന് പോകുന്നതായി ശ്രദ്ധയിൽപെട്ടു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി കാലങ്ങളിൽ ഇയാൾ സ്‌കൂട്ടറിൽ ലഹരി വിൽപ്പനക്കായി പോകുമെന്ന് മനസ്സിലാക്കിയ പോലീസ് സംഘം 13-ന് രാത്രി 10.15 മണിയോടെ നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇയാൾ പിടികൂടുകയായിരുന്നു. പ്രതിയെ പറ്റി കൂടുതൽ അന്വേഷണം നടത്തിയതിൽ എഞ്ചിനിയറിംഗ് കോളേജുകളിലേയും സ്‌കൂളുകളിലേയും വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവർക്ക് ഇയാൾ മയക്ക് മരുന്ന് വിതരണം നടത്തിയിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. മനുഷ്യ ശരീരത്തെയും മനസ്സിനെയും ഗുരുതരമായി ബാധിക്കുന്ന സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ വിൽപ്പന നടത്തി സാമ്പത്തിക ലാഭം ഉണ്ടാക്കി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. അറസ്റ്റിലായ ഷാനെതിരെ മുൻപും ലഹരിമരുന്ന് കേസുകളും മറ്റ് ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

സംസ്ഥാന വ്യാപകമായി നടപ്പിലാക്കിവരുന്ന ലഹരി വിരുദ്ധ നടപടിയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസ് പരിധിയിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കർശന പരിശോധനകൾ തുടരുകയാണ്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള നിരവധി പേരെ പരിശോധിക്കുകയും സംശയാസ്പദ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 140 കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. ആയതിൽ കൊല്ലം സബ്ബ്ഡിവിഷനിൽ 82 ഉം കരുനാഗപ്പള്ളി സബ്ബ്ഡിവിഷനിൽ 27 ഉം ചാത്തന്നൂർ സബ്ബ്ഡിവിഷനിൽ 31 കേസുകളും ആണ് ഉള്ളത്. ഇത് കൂടാതെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയതിനും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്.

യുവതലമുറയെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി വിൽപ്പനയും വിതരണ ശൃംഖലയും പൂർണമായും തകർക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും ലഹരി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾ പോലീസിനെ അറിയിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കരുനാഗപ്പള്ളി എ.സി.പി ജോണിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ പ്രവീൺ, ഓച്ചിറ ഇൻസ്‌പെക്ടർ പ്രസാദ്, കരുനാഗപ്പള്ളി എസ്.ഐ ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള കരുനാഗപ്പള്ളി സബ്ബ് ഡിവിഷൻ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *