ഷിഗെല്ല രോഗപ്രതിരോധത്തിന് ജാഗ്രത വേണം: കൊല്ലംജില്ലാ മെഡിക്കൽ ഓഫീസർ

0
SHIGELAA

മഴക്കാലം ശക്തമായതോടെ ഷിഗെല്ല ഉൾപ്പെടെയുള്ള രോഗങ്ങളും പകർച്ചവ്യാധികളും പടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ കർശനമാക്കണമെന്നും നിർദേശിച്ചു.

എന്താണ് ഷിഗെല്ല രോഗം?

ഷിഗെല്ല എന്ന ബാക്ടീരിയ കുടലിലുണ്ടാക്കുന്ന അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ നശിപ്പിക്കുന്നു. വളരെ പെട്ടെന്ന് പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം.

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമായേക്കാം; കടുത്ത പനിയോടുകൂടിയ വയറിളക്കം, മലത്തിൽ രക്തം, കഫം എന്നിവ കാണപ്പെടുക, കടുത്ത വയറുവേദനയും വയറു കോച്ചിപ്പിടുത്തവും, ഛർദ്ദികടുത്ത ക്ഷീണം, ശരീരവേദന, എപ്പോഴും മലവിസർജ്ജനം നടത്താനുള്ള അമിതമായ തോന്നൽ.

പകരുന്ന വിധം

രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. രോഗിയുടെ വിസർജ്യത്തിൽ നിന്നുള്ള ബാക്ടീരിയകൾ മറ്റൊരാളുടെ ഉള്ളിൽ എത്തുന്നതോടെ രോഗബാധയുണ്ടാകും. വ്യക്തിശുചിത്വക്കുറവും രോഗബാധിതരുമായുള്ള സമ്പർക്കവും രോഗം പടരാനിടയാക്കും. തുറസ്സായ സ്ഥലങ്ങളിലെ വിസർജ്ജനം മൂലം ഈച്ചകളും മറ്റും വഴി ബാക്ടീരിയ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം.

പ്രതിരോധ മാർഗ്ഗങ്ങൾ

ആഹാരം പാകം ചെയ്യുന്നതിന് മുൻപും, ഭക്ഷണം കഴിക്കുന്നതിന് മുൻപും, മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ഭക്ഷണം എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കർശനമായും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. രോഗലക്ഷണങ്ങളുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗികൾക്ക് പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്താൻ ശ്രദ്ധിക്കുക.
രോഗലക്ഷണങ്ങളുള്ള ആളുകളുടെ വ്യക്തിഗത സാധനങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ സുരക്ഷിതമായ രീതിയിൽ സംസ്കരിക്കുക. വ്യക്തിശുചിത്വവുംപരിസരശുചിത്വവും ഉറപ്പാക്കുക. തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്താതിരിക്കുക. ജില്ലയിൽ ഈ മാസം 2 ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചതിനാൽ രോഗനിരീക്ഷണവും പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളും കൂടുതൽ
ശക്തമാക്കി. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലർത്തണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *