ലഹരി ഗുളികയും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ എക്സൈസ് പിടിയിൽ

കൊല്ലം : കരുനാഗപ്പളിയിൽ ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന നൈട്രസെപ്പം ഇനത്തിലുള്ള 100 ഗുളികകളും, 100 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ മുഹമ്മദ് നെയിം (35) ഷഹാബുദ്ദീൻ (27) എന്നിവരാണ് കരുനാഗപ്പള്ളി എക്സൈസ് സംഘത്തിൻറെ പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിൽ ചവറ മുക്കത്തോട് ഗവൺമെൻറ് യുപി സ്കൂളിലെ സമീപത്തെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പ് പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. സഹോദരന്മാരായ ഇവരിൽ മുഹമ്മദ് നയിം പശ്ചിമ ബംഗാളിൽ പോയി തിരികെ വന്നപ്പോൾ കൊണ്ടുവന്ന ഗുളികകളും കഞ്ചാവുമാണ് ഇത് എന്ന് അന്വേഷണത്തിൽ ബോധ്യമായി.
മത്സ്യ ബന്ധനത്തിന് പോകുന്ന ഇവർ വാടകയ്ക്ക് റൂം എടുത്ത് കഞ്ചാവ് ചെറു പൊതികളാക്കി ചില്ലറ വിൽപ്പന നടത്തുന്നതാണ് പതിവ്. ഇങ്ങനെ വില്പന നടത്തിയ വകയിൽ ലഭിച്ച 1100 രൂപയും ബന്ധവസ്സിൽ എടുത്തു. എക്സൈസ് ഇൻസ്പെക്ടറോടൊപ്പം റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ P.A.അജയകുമാർ പ്രിവന്റീവ് ഓഫീസർ B.സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ. K, ചാൾസ്. H, ഗോഡ്വിൻ, അൻസാർ.B, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മോളി, ശ്രീജ.S.P, AEI(g) ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.
