വ്യാജരേഖകൾ നിർമ്മിച്ച് അവയവ കച്ചവടം: ഏജന്റുമാരായി പ്രവർത്തിച്ച പ്രതികൾ അറസ്റ്റിൽ

0
ORGA

കൊല്ലം : സാമ്പത്തിക ലാഭത്തിനായി വ്യാജ രേഖകൾ നിർമ്മിച്ച് അവയവ കച്ചവടം നടത്തിയ സംഭവത്തിൽ ഏജന്റുമാരായി പ്രവർത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്യുകയും മൊബൈൽ ഫോണും വ്യാജ ആധാർ കാർഡുകളും ഉൾപ്പടെ നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്യ്തു. കല്ലുംതാഴം വലിയമാടം കളരികിഴക്കതിൽ വീട്ടിൽ ശ്രീജ(40), പട്ടത്താനം ലത്തീഫ് മൻസിലിൽ നിന്നും വടക്കേവിള ദർശന നഗർ 22 ൽ വാടകയ്ക്ക് താമസിക്കുന്ന സുധീർ(31) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിർദ്ദേശപ്രകാരം സാമ്പത്തിക ലാഭത്തിന് വേണ്ടി അവയവം നൽകിയ വിനോദ് എന്ന യുവാവിനേയും അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. വ്യാജ രേഖകൾ നിർമ്മിച്ച് നിയമവിരുദ്ധ അവയവ കച്ചവടം നടക്കുന്നതായ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏജന്റായി പ്രവർത്തിച്ച ശ്രീജയുടെ കല്ലുംതാഴം വലിയമാടത്തുള്ള വീട്ടിൽ കിളികൊല്ലൂർ പോലീസ് നടത്തിയ പരിശോധനയിലാണ് സുപ്രധാന തെളിവുകൾ ലഭിച്ചത്.

ശ്രീജയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ എറണാകുളത്ത് വച്ച് നടന്ന അവയവ കച്ചവടത്തിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശ്രീജയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു ഏജന്റായി പ്രവർത്തിച്ച സുധീറിനെ പറ്റിയും അവയവം നൽകിയ യുവാവിനെ പറ്റിയും വിവരം ലഭിച്ചത്. തുടർന്ന് ഇവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലെ മുഖ്യ പ്രതിയായ കാസർഗോഡ് സ്വദേശി മുഹമ്മദ് നജീബ് കല്ലത്ര ഉൾപ്പടെയുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടന്നു വരികയാണ്. കൊല്ലം എ.സി.പി രാജേഷ് റ്റി.ആർ ന്റെ മേൽനോട്ടത്തിൽ കിളികൊല്ലൂർ എസ്.എച്ച്.ഓ അമൃത സതീപൻ ഐ.പി.എസ്, ഇൻസ്‌പെക്ടർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ദിലീപ് രാജ്, എസ്.സി.പി.ഓ മാരായ രാജഗോപാൽ, അംബു, സി.പി.ഓ മാരായ ജീനാമോൾ, ബിനിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *