വിദ്യാർത്ഥിനികളുടെ മുംബൈ യാത്ര : “കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ല “-സന്ദീപ് വാര്യര്‍

0

മലപ്പുറം: താനൂരിലെകാണാതായ പെണ്‍കുട്ടികളെ മുംബയിൽ കണ്ടെത്തിയതില്‍ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് സന്ദീപ് വാര്യര്‍. ചെയ്യാവുന്ന കാര്യങ്ങള്‍ പോലും ചെയ്തിട്ടില്ലെന്നും ഇത്ര അണ്‍ പ്രൊഫഷണല്‍ ആയി കേസ് കൈകാര്യം ചെയ്ത മലപ്പുറം എസ്പിക്ക് പട്ടും വളയും നല്‍കി ആദരിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. ‘ഫേസ്ബുക്ക്’ കുറിപ്പിലൂടെയാണ് സന്ദീപ് വാര്യർ വിമർശനം ഉന്നയിച്ചത്:

വാര്യരുടെ പോസ്റ്റ് :

കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിയതില്‍ കേരള പൊലീസ് എന്തോ വലിയ അന്വേഷണ മികവ് കാണിച്ചു എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. വാസ്തവത്തില്‍ പൊലീസ് ഒരു പുല്ലും ചെയ്തിട്ടില്ല എന്നതാണ് സത്യം. ചെയ്യാമായിരുന്ന കാര്യങ്ങള്‍ പോലും ഇവര്‍ ചെയ്തിട്ടില്ല. പെണ്‍കുട്ടികളെ ഇവിടുന്ന് കൊണ്ടുപോയ ഒരുത്തനെ വിശ്വസിച്ച് അവന്‍ തിരികെ എത്തുന്നതുവരെ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്നവരാണ് കേരള പൊലീസിലെ ശിക്കാരി ശംഭുമാര്‍. അവന്‍ വഴിയില്‍ വച്ച് മുങ്ങിയിരുന്നെങ്കിലോ മറ്റു വല്ലതും സംഭവിച്ചിരുന്നെങ്കിലോ മലപ്പുറം എസ്പി എന്ത് ചെയ്യുമായിരുന്നു? കേസ് അന്വേഷണം തീരുന്നതിനു മുന്‍പേ പെണ്‍കുട്ടികള്‍ അഡ്വഞ്ചറസ് ട്രിപ്പ് പോയതാണെന്ന് എസ് പി പത്രസമ്മേളനം വിളിച്ചു പറയുന്നു. കഷ്ടം!പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവും അനായാസം ചെയ്യാവുന്ന മൊബൈല്‍ ലൊക്കേഷന്‍ ട്രാക്കിംഗ് അല്ലാതെ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ല. പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയ വിവരം ലഭിച്ചതിനുശേഷം മഹാരാഷ്ട്ര പോലീസുമായി ബന്ധപ്പെട്ട് യോജിച്ച പ്രവര്‍ത്തനം നടത്താന്‍ പോലും കേരള പൊലീസിന് കഴിഞ്ഞിട്ടില്ല.

പെണ്‍കുട്ടികളുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ആക്ടീവായതിനുശേഷം ആര്‍പിഎഫ് കുട്ടികളെ കണ്ടെത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിലപ്പുറം കേരള പൊലീസിന്റെ യാതൊരു അന്വേഷ മികവും ഈ കേസില്‍ ഉണ്ടായിട്ടില്ല. മാത്രമല്ല കേസ് തീരുന്നതിനു മുന്‍പ് തന്നെ എസ്പി വിധിയെഴുതുകയും ചെയ്തു.

മാധ്യമശ്രദ്ധ കിട്ടിയതുകൊണ്ട് മാത്രമാണ് ഈ കേസില്‍ കുട്ടികളെ തിരികെ കിട്ടിയത്. നല്ല രീതിയില്‍ ഒരു അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായിട്ടേ ഇല്ല. അതുകൊണ്ട് ഈ കേസില്‍ ആരും കേരള പൊലീസിന്റെ മഹത്വം പറഞ്ഞ് വരണ്ട. ചെയ്യാവുന്നതുപോലും അവര്‍ ചെയ്തിട്ടില്ല. ഇത്ര അണ്‍ പ്രൊഫഷണല്‍ ആയി കേസ് കൈകാര്യം ചെയ്ത മലപ്പുറം എസ്പിക്ക് പട്ടും വളയും നല്‍കി ആദരിക്കണം സര്‍ക്കാരേ.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *