ഞങ്ങൾക്കു വിളമ്പിത്തന്ന നഷ്ടസ്വപ്നം !!!

അങ്ങിനെ ദാഹിച്ചു മോഹിച്ച് ആസ്വദിക്കാൻ നമ്മൾ കാത്തിരുന്ന നമ്മുടെ കേരളീയ സമാജത്തിൻ്റെ വജ്ര ജൂബിലി എന്നന്നേക്കുമായി നമ്മളെ നോക്കി കൊഞ്ഞനം കാട്ടിക്കൊണ്ട് ഒഴുകിപ്പോയിരിക്കുന്നു. കലാ സാഹിത്യ വിഭാഗത്തിൽ ഒതുങ്ങി കഴിയുന്ന ഞങ്ങൾ ഒരു വിഭാഗം ആൾക്കാർ ആസ്വാദന സ്വപ്നങ്ങൾ നഷ്ടപ്പെട്ട് ഉള്ളിൽ തേങ്ങലുകളുമായി, നിശബ്ദം, മര്യാദക്കാരിൽ മര്യാദക്കാരായി നടക്കുന്നു. ഇന്നത്തെ ഭരണപക്ഷത്തെ വിശ്വസിച്ചതിന്റെ പ്രതിഫലം..
ഈ ഭരണ വർഷം തുടങ്ങും മുമ്പു തൊട്ടേ ‘ജൂബിലി ആഘോഷം തുടങ്ങി കഴിഞ്ഞിരിക്കുന്നു’ എന്ന ഘോഷണങ്ങൾ വാരി വിതറുന്നത് ഞങ്ങളെല്ലാവരും തന്നെ കേട്ടിരുന്നു. കലാ സാഹിത്യ കായിക താരങ്ങൾ അധികം ഭരണ രംഗത്തേക്ക് കൈകടത്താറില്ല. ഞങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് ‘ജൂബിലി’ സ്വപ്നമായി മറഞ്ഞു പോയിരിയ്ക്കുന്നു.
“കൊമ്പനാനയെ കോണകമുടുപ്പിച്ച്’ നടത്തിയത് പോലെയായിപ്പോയി നമ്മുടെ വജ്ര ജൂബിലി. കഷ്ടം ! എന്നല്ലാതെ എന്തു പറയാൻ.
നമ്മുടെ സമാജത്തിൽ മാത്രമല്ല അസംബ്ലി പാർലമെന്റുമായി തൊട്ട് എല്ലാ സംഘടനകളിലും പ്രതിപക്ഷം വാളും ചിലമ്പും കുലുക്കി തുള്ളി ഉറയാറില്ലേ ?. കൂടുതൽ വിവരിയ്ക്കുന്നില്ല. ഉത്തരവാദിത്വങ്ങൾ ബോധത്തോടു കൂടി ചെയ്തു തീർക്കുകയാണ് ഭരണപക്ഷത്തിന്റെ വിജയം.
ഞങ്ങളുടെ ആനുവൽ കായിക മത്സരങ്ങൾ എവിടെപ്പോയി ?. ഞങ്ങളുടെ സാഹിത്യ ലോകം എവിടെപ്പോയി ?. വാർഷിക ആഘോഷങ്ങൾക്ക് ഞങ്ങൾക്ക് കൂടി തന്നിരുന്ന സ്റ്റേജിനെന്തുപറ്റി ?. പയറ്റി തെളിയാൻ ഇടം പോരാതെ ഇവിടെ വീർപ്പു മുട്ടി നടക്കുന്ന മിടുമിടുക്കരായ നമ്മുടെ കലാകാരെ ഇവിടെ നോക്കുകുത്തിയാക്കി നിർത്തിക്കൊണ്ട് നാട്ടിലുള്ള കലാകാരന്മാർക്ക് സാമ്പത്തിക സഹായം നൽകി ഇവിടെ വരുത്തി പ്രോത്സാഹനം നടത്തുന്നത് എന്തു നീതി ?. നമ്മുടെ താരങ്ങൾ ഉത്സാഹത്തോടെ വെളിയിൽ പോയി മത്സരിച്ച് നേട്ടങ്ങൾ കൊയ്ത് ‘ഗോൾഡുമെഡൽ’ വരെ വാങ്ങി വന്നിട്ട് നമ്മൾ (നിങ്ങൾ) അവർക്ക് എന്ത് പ്രോത്സാഹനമാണ് കൊടുത്തത് ?.
നമ്മുടെ മടിയിലിരുന്ന് വിശന്ന് കരയുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ വാ പൊത്തിപിടിച്ചുകൊണ്ട് , ആകാശത്തോളം അകലെ സ്വന്തം കാര്യം മാത്രം നോക്കി ജീവിയ്ക്കുന്നവരെ വിളിച്ചുവരുത്തി വേണ്ടതെല്ലാം വിളമ്പിക്കൊടുത്ത് പ്രോത്സാഹിപ്പിച്ചിട്ട് നമ്മുടെ സമാജത്തിന് എന്ത് മേന്മ കിട്ടി ?.
‘മരണ സമയം അടുക്കുമ്പോൾ, മരിയ്ക്കാൻ കിടക്കുന്ന ചിലർ എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടിക്കൂട്ടും’ എന്നൊരു വർത്തമാനം നാട്ടിലുണ്ട്. അതിനെ ‘കെടാൻ പോകുന്ന തിരിയുടെ ആളിക്കത്തൽ’ എന്നാണ് കവികൾ വിശേഷിപ്പിയ്ക്കാറ്. ദാ നോക്കൂ, എത്ര സൗജന്യ ക്ളാസ്സുകളാണ് നാഴികയ്ക്കുള്ളിൽ തരപ്പെടുത്തി തന്നിരിക്കുന്നത്. “വിരോധാഭാസം” എന്ന് വ്യാകരണത്തിൽ പറയും.
ബഹുമാനപ്പെട്ട പ്രതിപക്ഷമേ !. നിങ്ങൾ എല്ലാവരും കൂടിയാണ് ഭരണപക്ഷത്തെ പേടിപ്പിച്ച് കർത്തവ്യങ്ങൾ നടത്താൻ അവരെ അനുവദിയ്ക്കാതെ വിട്ടതെന്ന് ഭരണക്കാർ പറയുന്നല്ലോ. അത് കൊണ്ട് നിങ്ങളെല്ലാവരും കൂടി സമാജത്തിൽ വന്ന് വരിവരിയായിട്ടൊന്ന് നിൽക്കണമേ, ഒരു ദിവസത്തേക്കു മാത്രം മതി. എനിയ്ക്ക് നിങ്ങളെ എല്ലാവരേയും ഒന്ന് ശപിയ്ക്കാനാണ്, ഒന്ന് പ്രാകാനാണ്. ഞങ്ങളുടെ ചിരകാല സ്വപ്നത്തെ ചവിട്ടി അരച്ചു കളഞ്ഞതിന്. നല്ലവരിൽ കഴിവുള്ളവരായിരുന്ന ഭരണപക്ഷത്തിൽ നിന്ന് ഞങ്ങളുടെ ആ ശോഭനമായ നിമിഷങ്ങളെ ജീവനോടെ സമാധിയാക്കി കളഞ്ഞതിന്. കുറ്റക്കാർ നമ്മളും കൂടി അല്ലേ ?. കൈയ്ക്ക് എല്ലുള്ളവന്റെ കയ്യിൽ ‘വാളും പരിചയും’ വച്ചു കൊടുക്കണമായിരുന്നു.
ദുഖിതരെ ! പീഡിതരേ ! ഏതാണ്ടു നഷ്ടപ്പെട്ടു പോയ അണ്ണാനെപ്പോലെ, ഇനി ഒരു നാളും തിരിച്ചു വരാത്ത ആ സുവർണ്ണ സമയത്തെ ഓർത്ത് ; എന്നെപ്പോലെ വിലപിയ്ക്കുന്ന കലാസ്വാദകരെ !!. ഞാൻ നിങ്ങളെ എല്ലാവരേയും ആഹ്വാനം ചെയ്യുന്നു.
നമുക്കെല്ലാവർക്കും കൂടി ഒരുമിയ്ക്കാം.
ഈ കഠിന തെറ്റ് ചെയ്തവരെ എല്ലാം തിരഞ്ഞു പിടിച്ച് ‘ഗ്രീഷ്മാ കഷായം’ വാങ്ങി കുടിപ്പിയ്ക്കാം.
ജീവനോടെ സമാധി ഇരുത്താം.
ഭയമുള്ളവരുണ്ടെങ്കിൽ എന്നെ മുന്നിൽ നിറുത്തി എന്റെ പിറകിൽ വന്നു നിന്നു കൊള്ളൂ…
NB:- ഇതൊരു ‘ഊമ പ്രേമ ലേഖന’മായി സമൂഹത്തിനു മുമ്പിൽ തുറന്നു വായിയ്ക്കണമെന്നൊരപേക്ഷ..
എന്ന്,
ഒരു “സീനിയർ മോസ്റ്റ് സിറ്റിസൺ”
ലക്ഷ്മി കുറുപ്പ് (ഒരു KSD മെമ്പർ )
ഫെബ്രുവരി 2025
ഡോംബിവല്ലി
- ‘മറുകുറി’യിലൂടെ ആർക്കും ഏത് വിഷയത്തിലും പ്രതികരിക്കാം .
പ്രസിദ്ധീകരണ യോഗ്യമായവ പ്രസിദ്ധീകരിക്കും.
പ്രതികരണത്തിൻ്റെ ഉത്തരവാദിത്വ൦ എഴുതുന്നവർക്കായിരിക്കും .
Views and thought expressed in the published articles are of the authors
and not necessarily reflect the views of Sahya News
Whats App : 9322285364 ,9324678001