പ്രകൃതി ദുരന്ത മുന്നറിയിപ്പ് : ‘കവചം’ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ദുരന്ത മുന്നറിയിപ്പിനായി സംസ്ഥാനത്ത് വവിധയിടങ്ങളിലായി 91 സൈറണുകള്‍ സജ്ജീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടുഘട്ട പ്രവർത്തന പരീക്ഷണമുൾപ്പെടെ പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.റവന്യു മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ, ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ.കുര്യാക്കോസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും കവചത്തിന്‍റെ (കേരള വാണിങ്‌സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം) കീഴിൽ കൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്. അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ കേന്ദ്ര നോഡൽ വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറൻ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം. 126 സൈറൻ-സ്‌ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ, ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ്‌വെയർ, ഡാറ്റ സെന്‍റർ എന്നിവയടങ്ങുന്നതാണ് കവചം.