കേരളം പനിച്ചു വിറക്കുന്നു : 13 ദിവസത്തിനിടെ 41 പേർക്ക് ജീവൻ നഷ്ടമായി

തിരുവനന്തപുരം : പകർച്ചവ്യാധി ഭീതിയില്‍ സംസ്ഥാനം. പതിമൂന്ന് ദിവസത്തിനിടെ നാല്പത്തിയൊന്ന് പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇന്‍ഫ്ലുവന്‍സ ബാധിച്ച് ഒന്‍പത് പേര്‍ക്ക് ജീവന് നഷ്ടമായി. എലിപ്പനിബാധിച്ച് എട്ടു പേരും, ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. തൃശൂരിലും ഷിഗല്ല സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
അഞ്ചു ദിവസംകൊണ്ടാണ് പതിനായിരത്തിലധികംപേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പതിനൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തിനാല് പേരാണ് പനി ബാധിച്ച് ചികിത്സക്കായി മാത്രം ആശുപത്രിയില്‍ എത്തിയത്. ഇതിനോടകം നൂറ്റി മുപ്പത്തിയഞ്ച് പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചുവെങ്കിലും അതില്‍ അന്‍പത്തിയൊമ്പത് പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. ഷിഗല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട് കൂടുതല്‍ ജാഗ്രത തുടരുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും അതികൃതര്‍ വ്യക്തമാക്കി.
