പിപിഇ കിറ്റ് വാങ്ങിയതിൽ പത്ത് കോടിയുടെ അധികബാധ്യത: സിഎജി റിപ്പോർട്ട്
തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ 10.23 കോടിയുടെ നഷ്ടമുണ്ടായതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. നിയമസഭയിൽ വെച്ച റിപ്പോർട്ടിലാണ് ആരോഗ്യവകുപ്പിൽ നടന്ന ക്രമക്കേട് വെളിപ്പെടുത്തിയത്. പൊതുവിപണിയെക്കാൾ 300 ഇരട്ടി പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു.
മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഫര്‍മയില്‍ നിന്നും മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ വന്‍അഴിമതി നടന്നിട്ടുണ്ടെന്നതും സി.എ.ജി റിപ്പോര്‍ട്ട് അടിവരയിടുന്നു. മൂന്നു കമ്പനികള്‍ 500 രൂപയില്‍ താഴെ പി.പി.ഇ കിറ്റുകള്‍ നല്‍കിയ അതേ ദിവസമാണ് സാന്‍ ഫാര്‍മയില്‍ നിന്നും 1550 രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരുന്നു ഈ കരാറെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനത്തിന് 550 രൂപയ്ക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയാണ് 1550 രൂപയ്ക്ക് കരാര്‍ നല്‍കിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. നിയമ വിരുദ്ധമായി സാന്‍ ഫര്‍മയ്ക്ക് 100 % അഡ്വാന്‍സ് നല്‍കിയെന്ന പ്രതിപക്ഷ ആരോപണവും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു.
കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനത്ത് ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളെ സജ്ജീകരിക്കുന്നതിന് പിപിഇ കിറ്റുകളും, എൻ 95 മാസ്‌കുകളും, മറ്റ് സമാന സാമഗ്രികളും ഉപകരണങ്ങളും വാങ്ങാൻ കെഎംഎസ്സിഎല്ലിന് സംസ്ഥാന സർക്കാർ 2020 മാർച്ചിൽ പ്രത്യേക അനുമതി നൽകി. അടിയന്തര ആവശ്യങ്ങളുടെയും ലഭ്യതക്കുറവിന്റെയും പശ്ചാത്തലത്തിൽ ടെണ്ടർ /ക്വട്ടേഷൻ ഔപചാരികതകളിൽ നിന്നും ഇളവും അനുവദിച്ചു.
അവശ്യസാധനങ്ങളുടെ വില നിയന്ത്രണം പ്രാബല്യത്തിൽ വരുത്തുന്നതിനായി സർക്കാർ പിപിഇ കിറ്റുകളുടെ യൂണിറ്റ് നിരക്ക് 545 രൂപയായി നിശ്ചയിച്ചിരുന്നു. കെഎംഎസ്‌സിഎല്ലിൻറെ വാണിജ്യ വിഭാഗമായ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി (കെസിപി) വഴി വാങ്ങലുകൾ നടത്താനും അനുമതി നൽകിയിരുന്നു. സാഹചര്യത്തിന്റെ ആവശ്യകതയും നിർണായകതയും അടിസ്ഥാനമാക്കി കോവിഡ് മാനേജ്‌മെൻറിനായി പർച്ചേസ് ഓർഡറുകൾ നൽകാനും സംസ്ഥാന തല ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയിൽ തീരുമാനങ്ങളെടുത്തിരുന്നു.
കെഎംഎസ്‌സിഎൽ-കാരുണ്യ ഡിവിഷനിലേക്കുള്ള മൂന്ന് സ്ഥിരം വിതരണക്കാർ ഉൾപ്പെടുന്ന നാല് സ്ഥാപനങ്ങൾ 2020 മാർച്ചിൽ സർക്കാർ അംഗീകൃത നിരക്കുകൾക്കുള്ളിലോ അതിലും അല്പം അധികമോ ആയ നിരക്കുകളിൽ പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നതിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സാധാരണ വിതരണക്കാരിൽ നിന്നും പ്രാദേശിക വിപണികളിൽ നിന്നും കുറഞ്ഞ വിലയിൽ ഓഫറുകൾ ലഭ്യമായിരുന്നുവെങ്കിലും 2020 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ, മുൻപ് വാങ്ങിയിരുന്ന യൂണിറ്റ് നിരക്കിനേക്കാൾ 300 ശതമാനം വരെയോ അതിലും ഉയർന്നതോ ആയ നിരക്കിൽ അഞ്ച് സ്ഥാപനങ്ങളിൽ നിന്നും കൂടി കിറ്റുകളുടെ വാങ്ങി. ഇതിന്റെ ഫലമായി ഈ കാലയളവിൽ സംഭരിച്ച പിപിഇ കിറ്റുകളിന്മേൽ 10.23 കോടിയുടെ അധികച്ചെലവുണ്ടായെന്നാണ് സിഎജിയുടെ കണ്ടെത്തൽ.
തകര്‍ന്നു വീണത് സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ പിആര്‍ഇമേജ്; മുഖ്യമന്ത്രിയും കെകെ ശൈലജയും മറുപടി പറയണമെന്നും നിയമ പോരാട്ടം തുടരുമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ.കോവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടെന്ന് . മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണ സംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി. എന്നിട്ടാണ് പി.ആര്‍ ഏജന്‍സികളുടെ പ്രൊപ്പഗന്‍ഡകളിലൂടെ വ്യാജ ഇമേജ് കെട്ടിപ്പൊക്കിയത്. ഇന്ന് പുറത്തു വന്ന സി.എ.ജി റിപ്പോര്‍ട്ട് പി.ആര്‍ ഇമേജിനെ തകര്‍ക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.