വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം

എറണാകുളം : സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം ലഭിച്ചു . ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി അംഗീകരിച്ചാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. ശിക്ഷ മരവിപ്പിക്കണം, ജാമ്യം അനുവദിക്കണമെന്നായിരുന്നു കിരൺ കുമാറിന്റെ ഹർജിയിലെ ആവശ്യം. നേരത്തെ ഹൈക്കോടതിയെ സമീപിച്ചിന്നുവെങ്കിലും രണ്ട് വർഷമായിട്ടും ഹൈക്കോടതി ഹർജിയിൽ തീരുമാനമായില്ലായിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിസ്മയ കേസിൽ ശിക്ഷിക്കപ്പെട്ട കിരൺ കുമാർ നിലവിൽ പരോളിലാണ്. ആത്മഹത്യപ്രേരണക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു കിരൺ കുമാറിന്റെ ഹർജിയിലെ വാദം. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കും വരെ കിരൺ കുമാറിന് ജാമ്യത്തിൽ തുടരാം. അവസാനഘട്ടത്തിലും സംസ്ഥാന സർക്കാർ ഹർജിയെ ശക്തമായി എതിർത്തിരുന്നു.
പ്രതി കിരൺ പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലായെന്നും പ്രതി ഹർജിയിൽ ആരോപിച്ചിരുന്നു. 2021 ജൂണിലാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ ബിഎഎംഎസ് വിദ്യാർഥിനിയായ വിസ്മയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.