ഉപരാഷ്‌ട്രപതിയെ സെപ്റ്റംബര്‍ 9ന് തെരഞ്ഞെടുക്കും: റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിച്ചു

ന്യുഡൽഹി : രാജ്യത്തിൻ്റെ ഉപരാഷ്‌ട്രപതിയെ സെപ്റ്റംബര്‍ 9ന് തെരഞ്ഞെടുക്കും . രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇലക്‌ടറല്‍ കോളജ് തയാറാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം വന്നത് .
ജഗദീപ് ധന്‍കറിന്‍റെ രാജിയെ തുടര്‍ന്നാണ് ഉപരാഷ്‌ട്ര പദവിയില്‍ ഒഴിവ് വന്നത്. സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. അതേ ദിവസം തന്നെ വോട്ടെണ്ണലും നടക്കും.തെരഞ്ഞെുപ്പിനുള്ള വിജ്ഞാപനം ഈ മാസം ഏഴിന് പുറപ്പെടുവിക്കും. ഓഗസ്റ്റ് 21നാണ് നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി. 22ന് പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. ഓഗസ്റ്റ് 25ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
റിട്ടേണിങ് ഓഫീസര്‍മാരെയും അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍മാരെയും നിയോഗിച്ചു:
ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസറെയും രണ്ട് അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍മാരെയും നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര നിയമമന്ത്രാലവുമായി ചര്‍ച്ച ചെയ്‌ത് രാജ്യസഭ ഉപാധ്യക്ഷന്‍റെ അനുവാദത്തോടെയാണ് തീരുമാനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. രാജ്യസഭ സെക്രട്ടറി ജനറലിനെയാണ് റിട്ടേണിങ് ഓഫീസറായി നിയമിച്ചിരിക്കുന്നത്.
രാജ്യസഭ സെക്രട്ടറിയേറ്റിലെ ജോയിന്‍റ് സെക്രട്ടറി ഗരിമ ജെയിനെയും രാജ്യസഭ സെക്രട്ടറിയേറ്റിലെ ഡയറക്‌ടര്‍ വിജയകുമാറിനെയും അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍മാരായും നിയോഗിച്ചു.ഭരണഘടനയുടെ അനുച്‌ഛേദം 324 പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുപ്പ് നടത്തുന്നത്. 1952ലെ രാഷ്‌ട്രപതി-ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നിയമത്തിലെ ചട്ടപ്രകാരവും 1974ലെ രാഷ്‌ട്രപതി ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നിയമത്തിലെ ചട്ടപ്രകാരവുമാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് വേണം ഡല്‍ഹിയിലുള്ള ഒരു ഉദ്യോഗസ്ഥനെ റിട്ടേണിങ് ഓഫീസറായും ഒന്നോ അതിലധികമോ അഡീഷണല്‍ റിട്ടേണിങ് ഓഫീസര്‍മാരെയും നിയമിക്കാന്‍. കീഴ്‌വഴക്കമനുസരിച്ച് ലോക്‌സഭ സെക്രട്ടറിയോ രാജ്യസഭ സെക്രട്ടറിയോ ആകും മാറി മാറി റിട്ടേണിങ് ഓഫീസര്‍മാരാകുക.