ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി

തിരുവനന്തപുരം: പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിൽ കൃത്രിമം വരുത്തി കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായും റേഷൻകട ലൈസൻസികൾ ഗോഡൗൺ ജീവനക്കാരുടെയും കരാറുകാരുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഭക്ഷ്യധാന്യങ്ങൾ അനധികൃതമായി മറിച്ചുവിൽക്കുന്നതായും, ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ വ്യാജബില്ലിംഗ് ഒ ടി പി ദുരുപയോഗം എന്നിവ ചെയ്തു തട്ടിയെടുക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
എൻ.എഫ്.എസ്.എ ഗോഡൗണുകളുടെ രേഖകളിൽ കാണിക്കുന്ന സ്റ്റോക്കും യഥാർത്ഥ സ്റ്റോക്കും തമ്മിൽ വ്യത്യാസം നിലനിൽക്കുന്നതും പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യം ഗോഡൗണുകളിൽ നിന്നും തന്നെ കടത്തിക്കൊണ്ടുപോയി കരിഞ്ഞന്തയിൽ വില്പന നടത്തുന്നതായും ഉൾപ്പെടെയുള്ള ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ആൻഡ് ആന്റി കറക്ഷൻ ബ്യൂറോ സംസ്ഥാനത്ത് ഇന്ന് 54 റേഷൻ കടകളിലും, 14 എൻ.എഫ്.എസ്.എ ഗോഡൗണുകളിലും ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്.
അഴിമതി വിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിജിലൻസ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പ്രോജക്ട് സീറോ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വിവിധ വകുപ്പുകളുടെ സേവന വിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തി തടയുന്നതിനുള്ള പ്രോ ആക്ടീവ് വിജിലൻസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംസ്ഥാനതല മിന്നൽ പരിശോധന നടത്തി വരുന്നത്.
