വീട്ടിലും റോഡിലും സിംകാർഡ് കച്ചവടം; ആളുകളറിയാതെ അവരുടെപേരിൽ ആക്ടിവേറ്റ് ചെയ്തത് 1500 സിംകാർഡുകൾ

0

സിംകാർഡ് തട്ടിപ്പ് കേസിൽ പോലീസ് പിടിച്ചെടുത്ത സിം കാർഡുകളും പണവും അനുബന്ധ ഉപകരണങ്ങളും എസ്.പി. എസ്. ശശിധരൻ പ്രദർശിപ്പിക്കുന്നു. ഇൻസെറ്റിൽ അറസ്റ്റിലായ ഷെമീർ

മലപ്പുറം: സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ പേരില്‍ അവരറിയാതെ 1,500 സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്ത വില്പനക്കാരന്‍ മലപ്പുറം സൈബര്‍ പോലീസിന്റെ പിടിയില്‍. വിവിധ മൊബൈല്‍ഫോണ്‍ കമ്പനികളുടെ സിം കാര്‍ഡുകളും റീച്ചാര്‍ജ് കുപ്പണുകളും വില്പന നടത്തുന്ന കൊണ്ടോട്ടി മായക്കര സ്വദേശി അബ്ദുല്‍ഷമീര്‍ (34) ആണ് പിടിയിലായത്. മലപ്പുറം സൈബര്‍ ക്രൈം പോലീസ്സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജനാണ് അറസ്റ്റുചെയ്തത്.

2023 നവംബറില്‍ ബി.എസ്.എന്‍.എല്‍. സിം കാര്‍ഡുകള്‍ ഒന്നിച്ച് ആക്ടീവായെന്നും പിന്നീട് സിമ്മുകള്‍ ഒന്നിച്ച് ഡീ ആക്ടിവേറ്റായി മറ്റ് കമ്പനികളിലേക്ക് പോര്‍ട്ടായി എന്നും ജില്ലാ പോലീസ് മേധാവി എസ്. ശശിധരനുലഭിച്ച രഹസ്യവിവരമാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. തുടരന്വേഷണം സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടറെ ഏല്പിച്ചു. വിശദമായമായ അന്വേഷണത്തില്‍ 180 ബി.എസ്.എന്‍.എല്‍. സിം കാര്‍ഡുകള്‍ ഒന്നിച്ച് ഡീ ആക്ടിവേറ്റായി മറ്റ് പ്രൊവൈഡര്‍മാരിലേക്ക് പോര്‍ട്ടായി എന്ന് കണ്ടെത്തി. സിം കാര്‍ഡ് ഉടമകളുടെ വിലാസം പരിശോധിച്ചപ്പോള്‍ ഇവരൊന്നും ബി.എസ്.എന്‍.എല്‍. സിംകാര്‍ഡുകള്‍ എടുത്തിട്ടില്ലെന്നും കണ്ടെത്തി.

ആ മാസങ്ങളില്‍ മറ്റ് കമ്പനികളുടെ സിം കാര്‍ഡ് ഇവര്‍ എടുത്തിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. ഇവയെടുത്തത് അബ്ദുല്‍ ഷമീറിന്റെ അടുത്തുനിന്നാണെന്നു വിവരംലഭിച്ചു. ആക്ടിവേഷന്‍ തീയതി നോക്കിയപ്പോള്‍ ഒരേ ദിവസംതന്നെ വിവിധ പ്രൊവൈഡര്‍മാരുടെ സിംകാര്‍ഡുകള്‍ ഒരാളുടെപേരില്‍ തന്നെ ആക്ടീവായതായി കണ്ടെത്തി.

ഉപഭോക്താവ് സിം കാര്‍ഡ് എടുക്കുന്നതിനു സമീപിക്കുമ്പോള്‍ ബി.എസ്.എന്‍.എല്‍. ബയോമെട്രിക്കില്‍ ഫിംഗര്‍ പ്രിന്റ്, ഫോട്ടോയില്‍ നിന്ന് കണ്ണിന്റെ പ്രിന്റ് എന്നിവ രണ്ടോ മൂന്നോ പ്രാവശ്യം എടുക്കും. ആദ്യമെടുത്തത് ശരിയായില്ല എന്നു പറഞ്ഞാണ് വീണ്ടും എടുപ്പിക്കുക.

സിം കാര്‍ഡുകള്‍ സിം ഫെസ്റ്റ് നടത്തി വില്‍ക്കാറുണ്ടെന്നും സൗജന്യ സിംകാര്‍ഡുകള്‍ ആക്ടീവാക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു. തട്ടിപ്പിലൂടെ നേടിയ സിമ്മുകള്‍ 90 ദിവസത്തിനുശേഷം മൊബൈല്‍ ഷോപ്പ് നടത്തുന്ന സുഹൃത്തിന് 50 രൂപ നിരക്കില്‍ വിറ്റതായും പറഞ്ഞു. യൂണിക് പോര്‍ട്ടിങ് കോഡ് (യു.പി.സി.) വഴി ഉപഭോക്താവ് അറിയാതെയാണ് മറ്റൊരു കമ്പനിയുടെ സിമ്മിലേക്ക് പോര്‍ട്ട് ചെയ്യുക. ഇങ്ങനെയുള്ള സിമ്മുകള്‍ക്ക് മാസം 3,000 മുതല്‍ 5,000 രൂപ വരെ കമ്മിഷനായി ലഭിക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു.

ഇതിനായി പ്രതിക്കു വിവിധ മൊബൈല്‍ കമ്പനികളുടെ പി.ഒ.എസ്. ആപ്‌ളിക്കേഷനുകളുണ്ട്.

വീട്ടില്‍ 1500 സിമ്മുകള്‍

ഷമീറിന്റെ വീട്ടില്‍നിന്ന് ആക്ടീവ് ചെയ്യാത്ത 1500-ഓളംസിം കാര്‍ഡുകളും ആയിരത്തില്‍പരം സിംകാര്‍ഡ് കവറുകളും കണ്ടെത്തി. കമ്മിഷനായി ലഭിച്ച 1.72 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്തതില്‍ ഇത്തരത്തില്‍ യു.പി.സി. കോഡ് കരസ്ഥമാക്കുന്ന ആളെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ നേടിയ സിമ്മുകള്‍ മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എസ്.പി. എസ്. ശശിധരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളിയായ ഷമീറിനു സ്വന്തമായി സ്ഥാപനമില്ല. വീട്ടില്‍നിന്നും റോഡില്‍നിന്നുമാണ് ഇയാള്‍ ഉപഭോക്താക്കള്‍ക്കു സിം നല്‍കുന്നത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.മാരായ റിയാസ് ബാബു, അനീഷ് കുമാര്‍, വിമല, സി.പി.ഒ. ഇ.ജി. പ്രദീപ്, മന്‍സൂര്‍ അയ്യോളി, റാഷിദ്, കൊണ്ടോട്ടി ഡാന്‍സാഫ് അംഗങ്ങളായ എസ്.സി.പി.ഒ. സഞ്ജീവ്, രതീഷ്, സബീഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *