സലിംകുമാറും ജീവിതവും

ബിജു വിദ്യാധരൻ
ഒരു മലയാളചലച്ചിത്രനടനാണ് സലീം കുമാർ.മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായി. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും. 2010-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.
1969 ഒക്ടോബർ 9-ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനിച്ച സലിം കുമാർ. സഹോദരൻ അയ്യപ്പന്റെ കടുത്ത അനുഭാവിയായിരുന്നു അച്ഛൻ. സലിം കുമാർ എന്ന പേരിന് പിന്നിലെ കൗതുകം ഇങ്ങനെയാണെന്ന് മുമ്പ് ഒരഭിമുഖത്തിൽ സലിം കുമാർ തന്നെ പറഞ്ഞിട്ടുണ്ട്. വടക്കൻ പറവൂരിലുള്ള ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് മാല്യങ്കര എസ്.എൻ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ മിമിക്രിയിൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.
സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിക്കുയും ചെയ്തു അത് ഒരു വിവാദമാകുകയും ചെയ്തു.
ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സംവിധായകൻ.സിബി മലയിൽ സംവിധാനം നിർവഹിച്ച ചിത്രമായ നീ വരുവോളം നിർമ്മിച്ചത് നടൻ പ്രേം പ്രകാശ് ആയിരുന്നു. ഏഷ്യാനെറ്റിൽ സലീം കുമാർ അവതരിപ്പിച്ച പ്രോഗ്രാമുകളെല്ലാം കണ്ട് ഇഷ്ടപ്പെട്ട പ്രേം പ്രകാശ് തന്റെ പ്രത്യേക താൽപര്യത്തിലാണ് കലാഭവൻ മണിക്ക് പകരക്കാരനായി സലീം കുമാറിനെ ആ സിനിമയിലേക്ക് വിളിപ്പിച്ചത്. നീ വരുവോളം എന്ന സിനിമയിൽ സലീം കുമാറിന് ഏതാണ്ട് 11ഓളം സീനുകൾ ഉണ്ടായിരുന്നു.അതിൽ 9 സീനുകൾ ചിത്രീകരിച്ചു. അടുത്തത് ജഗതി ചേട്ടനും തിലകൻ ചേട്ടനും തമ്മിലുള്ള ഒരു സീനായിരുന്നു. സലീം കുമാർ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെ ആയില്ല.സംവിധായകൻ കട്ട് പറയുന്നു.ജഗതി ശ്രീകുമാറിന്റെയും തിലകൻന്റെയും ടൈമിംഗ് സലീം കുമാറിന് ഇല്ല എന്ന് പറഞ്ഞാണ് ഷോട്ട് കട്ട് ചെയ്യുന്നത്.അന്ന് രാത്രി സലീം കുമാർ ലോഡ്ജിൽ തങ്ങി.പിറ്റേ ദിവസം സിത്തു പനക്കലിന്റെ അസിസ്റ്റന്റ് ആയ പ്രഭാകരൻ സലീം കുമാറിന്റെ മുറിയിൽ വന്ന് ‘തിലകൻ ചേട്ടൻ ഇന്നലെ രാത്രി പോയി..ഡ്രസ്സ് എടുത്തോ..തിലകൻ ചേട്ടൻ വരുമ്പോൾ ഇനി ഞങ്ങൾ അറിയിക്കാം..അപ്പോൾ വന്നാൽ മതി’ എന്ന് പറഞ്ഞ് സലീം കുമാറിനെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടിറക്കി. അദ്ദേഹം ടിക്കറ്റുമായി വരുന്നതും കാത്ത് സലീം കുമാർ പ്ലാറ്റ്‌ഫോമിൽ നിന്നു. കടം വാങ്ങിയ കാശുമായിട്ടു ഷൂട്ടിങ്ങിന് വന്ന സലീം കുമാറിന്റെ കൈയില് പൈസ ഒന്നും ഇല്ലായിരുന്നു. ട്രെയിൻ ടിക്കറ്റുമായി വരുന്ന പ്രഭാകരനെ കാത്ത് മണിക്കൂറുകളോളം സലീം കുമാർ റെയിൽവേ സ്‌റ്റേഷനിൽ നിന്നു.ആരും വന്നില്ല.ഒടുവിൽ പ്ലാറ്റ്‌ഫോമിൽ കണ്ട ഒരു നല്ല മനുഷ്യനോട് വണ്ടിക്കൂലിക്കുള്ള 20 രൂപ സലീം കുമാർ കടം ചോദിച്ചു.നാട്ടിലെത്തിയാൽ ഉടൻ തന്നെ ആ തുക അയച്ചു തരാമെന്ന് താഴ്മയായി സലീം കുമാർ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം സലീം കുമാറിന്റെ തോളിൽ തട്ടി പറഞ്ഞു.’എടോ,തന്നെ ഞാൻ അറിയും..തന്റെ ടി.വി.പ്രോഗ്രാമുകൾ എല്ലാം ഞാൻ കാണാറുണ്ട്.താൻ കാശൊന്നും അയച്ചു തരണ്ട..തന്നെ സഹായിക്കാൻ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുണ്ട്’ ഇത്രയും പറഞ്ഞ് ആ മനുഷ്യൻ സലീം കുമാറിന് 20 രൂപ എടുത്തു കൊടുത്തു .ആ കാശ് കൊണ്ട് ടിക്കറ്റെടുത്ത് സലീം കുമാർ ട്രെയിനിൽ കയറി. ആ ചിത്രത്തിൽ നിന്ന് സലീം കുമാറിനേ മാറ്റിയെന്നും പകരം ആ വേഷം സലീം കുമാറിന് പകരം ഇന്ദ്രൻസ് അവതരിപ്പിച്ചെന്ന് സലീം കുമാർ പിന്നീട് അറിഞ്ഞു.
2000-ൽ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി-മെക്കാർട്ടിൻ ടീം സലിമിനെ വിളിക്കാൻ കാരണമായത്. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന് തിരക്കായി. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകൾ ഇദ്ദേഹത്തെ തേടി വന്നു. പിന്നീടങ്ങോട്ട് ദിലീപ്-ഹരിശ്രീ അശോകൻ-സലിം കുമാർ ടീം എപ്പോഴെല്ലാം സ്‌ക്രീനിൽ ഒന്നിച്ചോ അപ്പോഴെല്ലാം തിയേറ്ററിൽ പൊട്ടിച്ചിരികൾ അലയടിച്ചു. മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണി, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പുലിവാൽ കല്യാണത്തിലെ മണവാളൻ, കല്യാണരാമനിലെ പ്യാരി, മായാവിയിലെ ആശാൻ, തിളക്കത്തിലെ ഓമനക്കുട്ടൻ എന്നിവ അതിൽ ചിലതുമാത്രം.[3] 2004-ൽ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലത്തിലായിരുന്നു സലിംകുമാറിലെ നടന്റെ മറ്റൊരുമുഖം പ്രേക്ഷകർ കണ്ടത്. അതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഒരു തമാശപോലും പറയാതെ നടൻ എന്ന രീതിയിൽ സലീം കുമാർ അതിൽ തിളങ്ങി.
മേരിക്കുണ്ടൊരു കുഞ്ഞാടിലെ ലോനപ്പൻ ആദ്യം ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു. ദീപു കരുണാകരന്റെ ഫയർമാനിലെ നരേന്ദ്രൻ ആചാരിയാകട്ടെ അല്പം ദുരൂഹതനിറഞ്ഞ കഥാപാത്രവുമായി. അതിനിടെ ധനുഷിനൊപ്പം തമിഴിൽ മാരിയാനിലും സലിംകുമാർ വേഷമിട്ടു.
