ബോഡി ഷെയിം കമന്റിന് മറുപടി വൈറൽ, നിവേദ തോമസിന് എന്തു പറ്റി?
ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യൻ ഭാഷകളിൽ ചുവടുറപ്പിക്കുന്ന യുവനടി നിവേദ തോമസിന്റെ പുതിയ ലുക്ക് ചർച്ചയായി. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്കു ചിത്രം ’35 ചിന്നകഥ കാടു’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയ താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. സാരിയിൽ അതീവസുന്ദരിയായാണ് നിവേദ ആരാധകർക്കു മുൻപിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, താരം തടി വച്ചല്ലോ എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ചിലരുടെ കമന്റ്.
നിവേദ തോമസിനെ ബോഡി ഷെയിം ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ. എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാകും താരം തടി വച്ചതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. തടി വച്ചാലും ഇല്ലെങ്കിലും താരത്തിന്റെ പുഞ്ചിരിയുടെ ഭംഗി അതുപോലെ തന്നെയുണ്ടെന്നാണ് ആരാധകരുടെ പക്ഷം.
തെലുങ്കുതാരം വിശ്വദേവ രചകോണ്ടയ്ക്കൊപ്പമുള്ള പുതിയ തെലുങ്കു ചിത്രത്തിൽ രണ്ടു കുട്ടികളുടെ അമ്മയുടെ വേഷത്തിലാണ് നിവേദ തോമസ് എത്തുന്നത്. ഗൗതമി, ഭാഗ്യരാജ്, കൃഷ്ണ തേജ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ അഭിനയപ്രധാന്യമുള്ള വേഷമാണ് നിവേദ കൈകാര്യം ചെയ്യുന്നത്.
വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ തോമസ് മലയാളത്തിൽ അരങ്ങേറുന്നത്. അതിനു മുൻപു തന്നെ സീരിയലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് തമിഴ്, തെലുങ്കു ചിത്രങ്ങളിലേക്ക് ചുവടു മാറ്റിയ നിവേദ, ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും അഭിനയിച്ചു. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച ‘എന്താടാ സജി’ എന്ന ചിത്രമാണ് നിവേദയുടെ ഏറ്റവും ഒടുവിൽ റിലീസ് ആയ മലയാള ചിത്രം.