പാൻട്രി കാർ ബോഗി തകരാർ; ഒന്നര മണിക്കൂറിലധികം കേരള എക്സ്പ്രസ് കോട്ടയത്ത് പിടിച്ചിട്ടു
കോട്ടയം: പാൻട്രി കാർ ബോഗി തകരാറിലായതിനെ തുടർന്ന് കോട്ടയം റെയ്ൽവേ സ്റ്റേഷനിൽ ഒന്നര മണിക്കൂറിലധികം പിടിച്ചിട്ട തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ് വൈകിട്ട് 6 മണിയോടെ പുറപ്പെട്ടു. ട്രെയ്നിന്‍റെ പാന്‍ട്രി ബോഗിയുടെ ചക്രം തകരാറിലായതാണ് ട്രെയ്ൻ പിടിച്ചിടാൻ കാരണമെന്ന് റെയ്ൽവേ വിശദീകരണം നൽകി.
കൊല്ലം സ്റ്റേഷൻ അടുക്കുമ്പോഴാണ് തകരാർ ശ്രദ്ധയിൽ പെട്ടത്. എന്നാൽ കൊല്ലത്ത് ബോഗിയുടെ തകരാർ പരിഹരിക്കുന്നതിനുള്ള സൗകര്യമില്ലാത്തതിനെ തുടർന്ന് കോട്ടയം റെയ്ൽവേ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. ഈ സമയം എറണാകുളത്ത് നിന്നും മറ്റൊരു പാൻട്രി ബോഗി കോട്ടയം റെയ്ൽവേ സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. ട്രെയ്നിന്‍റെ മധ്യഭാഗത്തായിരുന്നു പാൻട്രി ബോഗി എന്നതിനാലാണ് ഏറെ താമസമുണ്ടായത്. മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് പകുതി ബോഗികൾ മാറ്റിയ ശേഷം ഇവിടെ പുതിയ ബോഗി ഘടിപ്പിച്ച ശേഷം മറ്റു ബോഗികളുമായി ചേർക്കുകയായിരുന്നു.