പല്ലൊട്ടി; ചെങ്ങാത്തത്തിന്റെ മധുര മിഠായി
പാലക്കാട്ടെ എന്റെ ചക്കര ചങ്ക് ചെങ്ങായിയാണ് നിതിൻ. ഞാനാവഴി പോകുമ്പോഴെല്ലാം എന്തിനും ഏതിനും നിതിനെ വിളിക്കാതെ പോയിട്ടുണ്ടാവില്ല. ഹോട്ടലുകൾ ഉൾപ്പടെയുള്ള ഒട്ടനവധി സ്ഥാപനങ്ങൾ സ്വന്തമായിട്ടുള്ള നിതിന്റെ ആതിഥേയത്തിലെങ്ങാനും പെട്ടുപോയാൽ അന്ന് തിരികെ വീട്ടിൽ പോകാൻ സാധിക്കില്ല എന്നത് എന്റെ വീട്ടിലുള്ളവർക്കുമറിയാം. സിനിമ ലോകത്തിലെ ഒരുപാട് ചെങ്ങായിമാരുള്ള അവനേം ചേർത്ത് ഞാനൊരു സിനിമയുണ്ടാക്കാൻ പലവട്ടം പാടുപെട്ടിട്ടും പിടിതരാതിരുന്ന സ്നേഹകൂടാരമായ നിതിൻ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു, അവന്റെ മനസ്സിൽ പതിഞ്ഞ പല്ലൊട്ടി സിനിമയുടെ കഥാസാരം.
നന്മയുള്ള ആത്മാവുള്ള സിനിമയിലെ കണ്ണന്റെയും ഉണ്ണിയുടെയും കൂട്ടുകെട്ടിന്റെ കഥ. നിതിന്റെ ചെങ്ങാത്തം വർഷങ്ങളോളം അനുഭവിക്കുന്ന ആസ്വദിക്കുന്ന ആഘോഷിക്കുന്ന എനിക്കത് കൃത്യമായി മനസ്സിലായിരുന്നു. ഒരു സിനിമയെക്കുറിച്ചെഴുതാനൊന്നും എനിക്കറിയില്ല, പക്ഷേ ഒരുപാട് പ്രതിഭകൾ ഒരുമിച്ച് ചേർന്ന, പല്ലൊട്ടി മിഠായി പോലെ മധുരമുള്ള ചെങ്ങാത്തങ്ങളുടെ ഗംഭീര സിനിമ, ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘ പല്ലൊട്ടി ‘ സിനിമ നിർമിച്ചത് സാജിദ് യഹിയയും നിതിൻ രാധാകൃഷ്ണനുമാണ്.
ദീപക് വാസന്റെ തിരക്കഥയിൽ ജിതിൻ രാജ് ആണ് കഥയെഴുതി സംവിധാന നിർവഹണം ചെയ്തിരിക്കുന്നത്. മികച്ച ബാലചിത്രം, മികച്ച ബാലതാരം, മികച്ച ഗായകൻ എന്നിവയ്ക്കുള്ള 53-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ ഈ കുഞ്ഞു സിനിമയിൽ ഡാവിഞ്ചി സന്തോഷ്, നീരജ് കൃഷ്ണ, അർജുൻ അശോകൻ, സൈജു കുറുപ്പ്, ബാലു വർഗീസ്, നിരഞ്ജന അനൂപ്, ദിനേശ് പ്രഭാകർ, സുധി കോപ്പ, ആദിഷ് പ്രവീൺ എന്നിവരാണ് മുഖ്യ താരങ്ങൾ. ബാലുവും ഞാനും പണ്ടൊരു സിനിമയിൽ അഭിനയിച്ചിരുന്നു, മധുപാലിന്റെ ‘ തലപ്പാവ്.
സെൽഫോണുകളും സെൽഫിയും റീൽസും ഇൻസ്റ്റായുമൊന്നുമില്ലാതിരുന്ന തൊണ്ണൂറുകളിലെ നന്മകളാൽ സമൃദ്ധമായ നാട്ടിപുറങ്ങളിലെ കുട്ടികളുടെ ഹൃദയസ്പർശിയായ കഥപറച്ചിലിന്റെ കാഴ്ചകളിൽ അടിയും വെടിയും പുകയും കത്തിയും കഠാരയും മാസ്സും സൂപ്പർതാരപ്പൊലിമകളും ദ്വയാർത്ഥപദങ്ങളും യാതൊന്നുമില്ലാതെ സകുടുംബം കാണാവുന്ന ഭംഗിയുള്ള വൃത്തിയുള്ള പഴയ മിഠായി പേരുള്ള ‘ പല്ലൊട്ടി ‘ സിനിമയെ സർക്കാർ സംവിധാനങ്ങളിലൂടെയോ അല്ലാതെയോ എല്ലാ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും കാണാനുള്ള പ്രദർശന വേദിയുണ്ടാക്കാൻ സാജിദും നിതിനും മുന്നിട്ടിറങ്ങണം.