മുംബൈ : എന്നെ ഞാനാക്കിയ മഹാനഗരം : മധു നമ്പ്യാർ
” കേരളത്തിൽ ജീവിച്ചതിനേക്കാളുമിരട്ടിക്കാലം ഇവിടെ ജീവിച്ചത് കൊണ്ടാവണം മുംബൈയെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നത്. എന്നെ ഞാനാക്കിയതിൽ ഈ അത്ഭുത നഗരത്തോട് എന്നും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു!
അറിയപ്പെടുന്ന ഒരു ഗായകനാവാനും അഭിനേതാവാവാനും എഴുത്തുകാരനാവനും ഈ നഗരമാണ് എന്നെ സഹായിച്ചത്.ബോറിവിലി മലയാള സമാജത്തിന്റെ ഓണാഘോഷത്തിനു കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ട്രൂപ്പിലൂടെയാണ് ഒരു ഗായകനായി മുംബൈയിലെ എന്റെ സംഗീതയാത്ര തുടങ്ങുന്നത്.
പിന്നീട്ടങ്ങോട്ട് മുംബയിലെ ഒട്ടുമിക്ക വേദികളിലും പാടാൻ സാധിച്ചു . ഗായകനും സംഗീത സംവിധാ യകനുമായ പ്രേമകുമാറിന്റെയും രാഗലയ വിജയകുമാറിന്റെയും കൂടെ നിരവധി വേദികളിൽ പാടി പ്രശസ്തരായ ശ്രീകുമാരൻ തമ്പി, ദക്ഷിണാമൂർത്തി സ്വാമി,യൂസഫലി കേച്ചേരി,വിദ്യാധരൻ മാസ്റ്റർ ഡോക്ടർ ജയകുമാർ, ജെറി അമൽദേവ്, ടി യെസ് രാധാകൃഷ്ണൻ, എന്നിവരുടെ മുന്നിൽ പാട്ട് പാടാൻ ഭാഗ്യം സിദ്ധിച്ചു.
ഈ മഹാനഗരം തന്ന മഹാഭാഗ്യമാണ് എനിക്ക് ലഭിച്ച ഓരോ വേദികളും.
ഞാൻ രചിച്ച പാട്ടുകൾ പ്രശസ്തഗായകരായ പി ജയചന്ദ്രൻ, ബിജു നാരായണൻ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, ഗണേഷ് സുന്ദരം, ഗായത്രി, മഞ്ജരി എന്നിവരുടെ സ്വരമാധുരിയിൽ പുറത്തിറങ്ങി. ഈ പാട്ടുകളുടെ സംഗീത സംവിധായകരായ വിനോദ് അഗ്രശാല, എന്റെ മരുമക്കൾ സതീഷ് വിനോദ് എന്നിവരെയും ഈ അവസരത്തിൽ ഈ നഗരത്തിലിരുന്നുകൊണ്ട് നന്ദിയോടെ സ്മരിക്കുകയാണ്.
ചെമ്പുർ മലയാളി സമാജത്തിന്റെ വേദിയിലൂടെയാണ് നാടക രംഗത്ത് അരങ്ങേറ്റം കുറിച്ചത്. കെ രാജൻ സാർ (എക്സ് SBI )ആയിരുന്നു സംവിധായകൻ.പിന്നീട് പ്രശസ്തനായ വി വി അച്യുതേട്ടൻ്റെ സംവിധാനത്തിൽ ബോംബെ കേരളീയ സമാജത്തിന്റെ വിഷസർപ്പത്തിന് വിളക്ക് വെക്കരുത് എന്ന നടകത്തിൽ നായകനായി.തുടർന്ന് സപ്തസ്വര പ്രേകുമാർ സംവിധാനം ചെയ്ത സ്വാതിതിരുനാളിലും ചെമ്പുർ കലാ ഞ്ജലിയുടെ ടി യെസ് വിജയകുമാർ സംവിധാനം ചെയ്ത നാടകങ്ങളിലും അഭിനയിക്കാൻ അവസരം ലഭിച്ചു.
കുറച്ചു നാടക ഗാനങ്ങൾ എഴുതി, പാടി.
അന്തരിച്ച കെ ബി സെയ്ദ് മുഹമ്മദിന്റെ ‘ഗ്രാമരത്ന’ത്തിലും ബോംബെ കേരളീയ സമാജത്തിന്റ ‘വിശാല കേരള’ത്തിലും കവിതകൾ എഴുതി.തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ….
2016 ൽ ‘പുതിയ വീട്ടിലെ അതിഥികൾ ‘എന്ന ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.ഈ നഗരം , ഇവിടെ ലഭിച്ച തണലുകൾ ,ചേർത്തുനിർത്തിയ വിശാലമായ സൗഹൃദങ്ങൾ ,കല ,സാഹിത്യം …എല്ലാം ചേർത്തുള്ള ഒരു രചനയുടെ പണിപ്പുരയിലാണ് .അനുഭവങ്ങളും ഭാവനകളും എല്ലാം അതിലുണ്ടാകും …
എന്നെ ഞാനാക്കിയ മുംബയ്ക്ക് എന്റെ പ്രണാമം…“– മധു നമ്പ്യാർ
മധു നമ്പ്യാർ: മുംബൈയിലെ കലാസാഹിത്യ സംസ്‌കാരിക ലോകത്തിന് പ്രത്യേകമായൊരു പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലാത്ത പ്രതിഭ .സൗമ്യൻ ,സഹൃദയൻ .കണ്ണൂരിലെ ചെറുകുന്നിൽ ജനനം.അച്ഛൻ ഇ കെ നാരായണൻ നമ്പ്യാർ ,അമ്മ മാധവി അമ്മ .ഒദയമ്മാടം യൂ പി സ്കൂൾ ചെറുകുന്ന് ഗവ:ഹൈസ്കൂൾ യെസ് എൻ കോളേജ് കണ്ണൂർ സർ സൈദ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം .1981 മുതൽ മുംബൈയിൽ 20 വർഷം ഗ്രീവ്സ് കോട്ടനിൽ ജോലി ചെയ്തു പിന്നീട് ബാട്ലി ബോയ്,കാർഗോമാർ എന്നീ കമ്പിനികൾ.ഇപ്പോൾ ഫ് ഇ ഐ കാർഗോ ലിമിറ്റഡിൽ കോൺള്റ്റന്റ്.മുംബൈയിൽ ചെമ്പുരിൽ താമസിക്കുന്നു .പത്നി ഗീത (മുംബൈ കസ്റ്റംസ് (റിട്ടയേഡ് ).മകൻ നിഖിൽ പത്നി മറീന ചെറുമകൻ നിഷാൻ അമേരിക്കയിൽ.