നൊമ്പരമായി മിഥുന്‍ : പരസ്പരം പഴിചാരി സ്‌കൂള്‍ അധികൃതരും കെഎസ്ഇബിയും

കൊല്ലം: തേവലക്കരയില്‍ നോവായി എട്ടാം ക്ലാസുകാരന്‍ മിഥുന്റെ മരണം. തേവലക്കര ബോയ്‌സ് സ്‌കൂളിലാണ് ദാരുണ സംഭവം നടന്നത്. കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിനു മുകളിലേക്ക് വീണപ്പോള്‍ മിഥുന്‍ അതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെരുപ്പ് എടുക്കുന്നതിനിടെ കാല്‍ തെറ്റിയപ്പോള്‍ അബദ്ധത്തില്‍ മുകളിലൂടെ പോയിരുന്ന വൈദ്യുതി ലൈനില്‍ കയറി പിടിക്കുകയായിരുന്നു. ഇതോടെയാണ് ഷോക്കേറ്റത്.
മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിട്ട് വര്‍ഷങ്ങളായി. പക്ഷേ, അടുത്തിടെ ഷെഡ് നിര്‍മിച്ചപ്പോള്‍ ലൈന്‍ തകരഷീറ്റിന് തൊട്ട് മുകളിലായി. ക്ലാസിന് ഉള്ളിലൂടെ ഷെഡിനു മുകളിലേക്ക് ഇറങ്ങാന്‍ കഴിയും. ബഞ്ച് ഉപയോഗിച്ചാണ് മിഥുന്‍ ക്ലാസിനുള്ളില്‍നിന്നും തകര ഷീറ്റിലേക്ക് ഇറങ്ങിയത്. ചെരുപ്പ് എടുക്കുമ്പോള്‍ ഷീറ്റില്‍നിന്ന് തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. വെദ്യുതി ലൈനില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് സ്‌കൂള്‍ അധികൃതര്‍ മിഥുനെ കണ്ടത്.
സംഭവമറിഞ്ഞെത്തിയ അധ്യാപകര്‍ ഓടിയെത്തി അകലെയുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി രക്ഷിക്കാന്‍ ശ്രമിച്ചു. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് നടപടികള്‍ നീക്കി ഫീഡര്‍ ഓഫ് ചെയ്തു. അധ്യാപകര്‍ മുകളില്‍ കയറി മിഥുനെ താഴെയിറക്കി ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി കമ്പി ഏറെ നാളുകളായി കടന്ന് പോയിരുന്നതായും സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബി അധികൃതരുടെയും അനാസ്ഥയാണെന്നാണ് അപകടത്തിന് കാരണമെന്ന വിമര്‍ശനം ഉയരുന്നത്.