കർണാടകയിൽ അപകടത്തിൽപെട്ട മലയാളി ഡ്രൈവറെ കുറിച്ച് 4 ദിവസമായി വിവരമില്ല

0

മുക്കം : കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട മലയാളി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. തടി കയറ്റി വരികയായിരുന്നു ലോറി. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തു. നിലവിൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കോഴിക്കോട് സ്വദേശിയാണ് അർജുൻ. ‘‘16–ാം തീയതിയാണ് സംഭവം. അന്ന് രാവിലെ 9 മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. ഈ സമയത്ത് അർജുൻ വണ്ടിയിൽ ഉറങ്ങുകയായിരുന്നോ അതോ വണ്ടി അവിടെ വച്ച് എവിടെയെങ്കിലും പോയതാണോ എന്നറിയില്ല. അന്ന് 11 മണിക്ക് ശേഷം അർജുന്റെ അമ്മ വിളിക്കുമ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.

സാധാരണ 11 മണിയോടെ അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചു വരുന്നതാണ്. അന്ന് പുലർച്ചെ 4 മണിയ്ക്ക് വിളിച്ചപ്പോഴും അങ്ങനെ തന്നെയാണ് പറഞ്ഞത്. സാധാരണ ഗതിയിൽ ലോറി എവിടെയാണ് എന്നറിയാൻ ജിപിഎസ് പരിശോധിക്കാറുണ്ട്. അന്നും അങ്ങനെ ചെയ്തപ്പോഴാണ് മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ലോറിയുള്ളതെന്ന് മനസ്സിലായത്. അപ്പോൾ തന്നെ അഗോല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ മൂന്നു ദിവസമായിട്ടും പരാതിയിൽ നടപടിയുണ്ടായിട്ടില്ല. ഇപ്പോഴും മണ്ണിനടിയിലാണ് ലോറിയുടെ ജിപിഎസ് കാണിക്കുന്നത്. അപകടമുണ്ടായതിന് പിന്നാലെ രണ്ടു ദിവസമായി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ ഇന്നലെ അർജുന്റെ ഭാര്യ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തിരുന്നു. പക്ഷേ, ഫോൺ എടുത്തില്ല. പിന്നെയും സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്.

റോഡിലെ മണ്ണ് വശങ്ങളിലേക്കു മാറ്റി ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് അവിടെ നടക്കുന്നത്. ഇതുവരെയും മണ്ണു മാറ്റി പരിശോധന നടത്തിയിട്ടില്ല. എസി ഓൺ ചെയ്ത് ഫുൾ കവർ ചെയ്ത വണ്ടിയാണ്. അതുകൊണ്ട് മണ്ണ് ഉള്ളിലേക്ക് കയറിയിട്ടുണ്ടാവില്ല. അങ്ങനെയാണെങ്കിൽ അർജുനെ ജീവനോടെ രക്ഷിക്കാൻ കഴിയും. ഇടയ്ക്കിടയ്ക്ക് ഫോൺ സ്വിച്ച് ഓൺ ആകുന്നതിലും പ്രതീക്ഷയുണ്ട്’’– ലോറി ഉടമ മനാഫ് പറഞ്ഞു. അർജുനെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നും കർണാടക ഗതാഗത മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്നും അന്വേഷണത്തിന് കാസർകോട് കലക്ടറെ ചുമതലപ്പെടുത്തിയെന്നും ഗതാഗത മന്ത്രി എം.ബി.ഗണേഷ് കുമാർ പറ‍ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *