മദ്യ വിൽപ്പന പിണറായിക്ക് വരുമാനത്തിനുള്ള കുറുക്ക് വഴി – കേരള കത്തോലിക്ക മെത്രാന്‍ സമിതി

കോട്ടയം :പിണറായി സർക്കാരിന് മദ്യ വിൽപ്പന വരുമാനത്തിനുള്ള കുറുക്ക് വഴിയാണെന്ന് പിണറായി സര്‍ക്കാരിനെ വിമർശിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി ). തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ക്ക് മദ്യ വില്‍പ്പന വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ്. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങളേയും കെസിബിസി വിമര്‍ശിക്കുന്നു. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ല – കത്തോലിക്ക മെത്രാന്‍ സമിതി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷമായി വിമർശിച്ച് താമരശ്ശേരി രൂപതയും രംഗത്ത് വന്നിട്ടുണ്ട്. ക്രൈസ്തവ സമുദായത്തിന്റെ അവകാശങ്ങളും കര്‍ഷകരുടെ ആനുകൂല്യങ്ങളും പിണറായി സർക്കാർ നിഷേധിക്കുന്നതായി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നില്ലെന്നും പള്ളികളില്‍ ഞായറാഴ്ച വായിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിലിന്റെ ഇടയലേഖനത്തിൽ പറഞ്ഞിട്ടുണ്ട്.ന്യൂനപക്ഷ സ്‌കോളര്‍പ്പില്‍ 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നതിന് എതിരായ ഹൈക്കോടതി വിധി നടപ്പാക്കാതെ, നികുതിപ്പണം എടുത്ത് സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചിരിക്കയാണ്. ക്രൈസ്തവ സമുദായത്തോടുള്ള കടുത്ത അനീതിയാണിത്. ജെബി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ സര്‍ക്കാര്‍ ഉരുണ്ട് കളിക്കയാണ്. ഇടയലേഖനം പറയുന്നു.
സര്‍ക്കാരിന്റെ ഗുണപരമായ ഇടപെടല്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടാവുന്നില്ല. കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില കിട്ടാന്‍ സര്‍ക്കാരിന്റെ ഇടപെടലുകളില്ല. വന്യജീവികള്‍ ദിനംപ്രതി ജനങ്ങളെ കൊന്നൊടുക്കുകയാണ്. സര്‍ക്കാര്‍ വെറും കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്. ക്രൈസ്തവ സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനായി ഏപ്രില്‍ അഞ്ചിന് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് അവകാശ പ്രഖ്യാപനം നടത്തുന്നുണ്ടെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.