കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂണ്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതിയെന്ന് സെക്രട്ടേറിയറ്റ് പിആര്‍ ചേമ്പറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. പദ്ധതിയുടെ കരാര്‍ കെഎസ്ആര്‍ടിസിയും എസ്ബിഐയും ഒപ്പിട്ടു. അക്കൗണ്ട് തല ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാര്‍ അടയ്‌ക്കേണ്ടതില്ല. 22095 സ്ഥിരം ജീവനക്കാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആര്‍ടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്റെ ഭാഗമായിട്ടാണ് ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പിലാക്കുന്നതെന്നു മന്ത്രി പറഞ്ഞു.
വ്യക്തിഗത അപകടത്തില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിന് 1 കോടി രൂപ ലഭിക്കും. എയര്‍ ആക്സിഡന്റ്റില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിന് 1 കോടി അറുപത് ലക്ഷം രൂപ ലഭിക്കും. അപകടത്തില്‍ സ്ഥിരമായ പൂര്‍ണ്ണ വൈകല്യം സംഭവിച്ചാല്‍ 1 കോടി രൂപ വരെ ലഭിക്കും. സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയും ലഭിക്കും. ഇരുപത്തിഅയ്യായിരം രൂപയ്ക്ക് മുകളില്‍ ശമ്പളം ഉള്ള ജീവനക്കാരുടെ സാധാരണ മരണത്തിനു കുടുംബത്തിന് സഹായമായി 6 ലക്ഷം രൂപ ലഭിക്കും. അപകട മരണം സംഭവിച്ചവരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായമായി 10 ലക്ഷം രൂപ വരെ ലഭിക്കും, പെണ്‍കുട്ടികളുടെ വിവാഹത്തിന് ഒരു കുട്ടിയ്ക്ക് 5 ലക്ഷം രൂപ എന്ന രീതിയില്‍ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. അപകട ചികിത്സയ്ക്കുള്ള ചെലവിനും മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതിനും ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സഹായം ലഭിക്കും. പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ താല്പര്യപ്രകാരം 2 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സിലേക്ക് വാര്‍ഷിക പ്രീമിയം നല്‍കി ചേരാനും അവസരമുണ്ട്. 75 വയസ്സ് വരെ ഇത് പുതുക്കാം. ജീവനക്കാര്‍ക്ക് വളരെ ആശ്വാസകരമായ പദ്ധതിയാണിതെന്നു മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ 56 പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി. മുഴുവന്‍ ജീവനക്കാര്‍ക്കും ക്യാന്‍സര്‍ പരിശാധന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കടുത്ത ജോലികള്‍ ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ആരോഗ്യപ്രശ്നമുള്ള ജീവനക്കാരെ മെഡിക്കല്‍ ബോര്‍ഡിന്റെ കൂടി നിര്‍ദ്ദേശപ്രകാരം കാറ്റഗറി മാറ്റം നല്‍കി ഓഫീസ് ഡൂട്ടിയിലേക്ക് മാറ്റി വിന്യസിക്കും. ഈ മാസം 22 ന് ശേഷം പൂര്‍ണ്ണമായും കംപ്യുട്ടറൈസേഷനിലേക്ക് കെ എസ് ആര്‍ ടി സി മാറും. ഇ ഫയലിംഗ് പൂര്‍ണ്ണമായി നടപ്പിലാക്കും. ടിക്കറ്റ് ഉള്‍പ്പടെയുള്ളവയ്ക്ക് യുപിഐ, കാര്‍ഡ് പെയ്മെന്റുകള്‍ സാധ്യമാകും. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ടിക്കറ്റിനായി സ്മാര്‍ട്ട് കര്‍ഡുകള്‍ ലഭ്യമാക്കും. ജൂണില്‍ ഇവ നല്‍കാനാകും. അടുത്ത ഒരു മാസത്തിനുള്ളില്‍ എല്ലാ ഡിപ്പോകളിലും സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യത ഉറപ്പാക്കും. മെക്കാനിക്കല്‍ വിഭാഗങ്ങളുടെ കൃത്യമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി 487 വണ്ടി മാത്രമാണ് നിലവില്‍ പ്രവര്‍ത്തനരഹിതമായി വര്‍ക്ക്ഷോപ്പുകളില്‍ ഉള്ളത്. ഇരുപത് ഡിപ്പോകളില്‍ വര്‍ക്ക്ഷോപ്പിലുള്ള വണ്ടികള്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ്. എല്ലാ ഡിപ്പോകളിലും ബസ്സുകളിലും നിരീക്ഷണ ക്യാമറ സജ്ജീകരണം ഉറപ്പാക്കും. ക്യാമറകളുടെ നിരീക്ഷണത്തിനു കേന്ദ്രീകൃത സംവിധാനവും സജ്ജമാക്കുമെന്നു മന്ത്രി പറഞ്ഞു.
ബസ് സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ ബോര്‍ഡ് സ്ഥാപിച്ച് ബസിന്റെ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കും. മൊബൈല്‍ അപ് വഴി ലൈവ് ട്രാക്കിങ്ങും ടിക്കറ്റ് ബുക്കിങ്ങും നടപ്പിലാക്കും. കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട നിലവിലുള്ള ആപ്പുകള്‍ തയ്യാറാക്കിയ വ്യക്തികളും സ്ഥാപനങ്ങളും കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെടണമെന്നും അത്തരം ആപ്പുകളുടെ ഉപയോഗ സഹകരണ സാദ്ധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.