ഏഷ്യയിലെ മികച്ച നഗരങ്ങളില്‍ കൊല്ലത്തിന് 51ാംസ്ഥാനം
![](https://sahyanews.com/wp-content/uploads/2025/02/kollam-1.jpg)
ന്യുഡൽഹി : ഏഷ്യ പസഫിക് മേഖലയിലെ നൂറ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ കൊല്ലത്തിന് 51ാം റാങ്ക്. കേരളത്തില്‍ നിന്ന് അഞ്ച് നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ആഗോള സ്ഥല ബ്രാന്‍ഡിങ് ഉപദേശകരായ റസോണന്‍സ് കണ്‍സള്‍ട്ടന്‍സി ഫ്രഞ്ച് വിപണന കമ്പനിയായ ഇപ്‌സോസിന്‍റെ പങ്കാളിത്തത്തോടെ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കൊല്ലത്തിന്‍റെ ഈ നേട്ടം.സിംഗപ്പൂരിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. ചൈനയില്‍ നിന്നുള്ള 33 നഗരങ്ങള്‍ പട്ടികയിലുണ്ട്. ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ ഇടംപിടിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. 26 നഗരങ്ങളാണ് ഇന്ത്യയില്‍ നിന്ന് പട്ടികയിലുള്ളത്. ഒന്‍പത് നഗരങ്ങളുമായി ജപ്പാന്‍ ഏറെ പിന്നിലായി മൂന്നാമതുണ്ട്.
പട്ടികയിലിടം പിടിച്ച നഗരങ്ങളില്‍ 51ാം സ്ഥാനമുള്ള കൊല്ലം ഇന്ത്യന്‍ നഗരങ്ങളില്‍ എട്ടാം സ്ഥാനത്താണുള്ളത്. കൊച്ചിയാണ് കേരളത്തില്‍ നിന്ന് രണ്ടാം സ്ഥാനത്തുള്ള നഗരം. തൃശൂര്‍ മൂന്നാമതും കോഴിക്കോട് നാലാമതുമുണ്ട്. കണ്ണൂരിനാണ് അഞ്ചാം സ്ഥാനം. അഞ്ച് നഗരങ്ങള്‍ കേരളത്തില്‍ നിന്ന് പട്ടികയിലിടം നേടിയിട്ടും തലസ്ഥാനനഗരമായ തിരുവനന്തപുരം പട്ടികയില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.
നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നിക്ഷേപകര്‍ക്കും അനുയോജ്യമായ 25 ഘടകങ്ങള്‍ കണക്കിലെടുത്താണ് പട്ടിക തയാറാക്കിയിട്ടുള്ളത്. പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളെയാണ് പട്ടിക തയാറാക്കാന്‍ പരിഗണിച്ചത്. സുപ്രധാന വിവരങ്ങളും ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ഓണ്‍ലൈന്‍ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
കേരളത്തിലെ കായലുകളുടെ പ്രവേശന കവാടം എന്നറിയപ്പെടുന്ന കൊല്ലത്തെ അഷ്‌ടമുടി തടാകം നഗരത്തിന്‍റെ വിനോദസഞ്ചാരമേഖലയ്ക്ക് താങ്ങാകുന്നു. ഇതിന് പുറമെ ജീവിതോപാധിക്കും വാണിജ്യത്തിനുമായി അഷ്‌ടമുടിക്കായലിനെ ആശ്രയിക്കുന്നത് പതിനഞ്ച് ലക്ഷത്തിലേറെ പേരാണ്. കായലിന് പുറമെ കൊല്ലത്തെ അതിമനോഹരമായ ഭൂവിഭാഗവും ഇവിടം ജീവിക്കാന്‍ പറ്റിയ സ്ഥലമായി അടയാളപ്പെടുത്തുന്നു. ജീവിക്കാന്‍ പറ്റിയ നഗരങ്ങളുടെ സൂചികയില്‍ പതിനാറാമത്തെ സൂചികയാണ് നഗരത്തിനുള്ളത്. താങ്ങാനാകുന്ന വാടകയും ആരോഗ്യ സംവിധാനങ്ങളും നഗര ജീവിതത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കയര്‍, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ വാണിജ്യത്തിന് ചരിത്രത്തില്‍ പേരുകേട്ട നഗരം കൂടിയാണ് കൊല്ലം. ഇതിലൂടെ സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയുടെ ആണിക്കല്ലായും നഗരം നിലകൊള്ളുന്നു.
പ്രാദേശിക വാണിജ്യത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കൊല്ലം തുറമുഖം. ഇതു നഗരത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്ക് കടത്ത് സുഗമമാക്കുന്നു. മൊത്തം അഭിവൃദ്ധിയിലും കൊല്ലത്തിന് നിര്‍ണായക സൂചിക കരസ്ഥമാക്കാനായിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി കയറ്റുമതി കേന്ദ്രമായും കൊല്ലം തുറമുഖത്തിന്‍റെ വികസനത്തിനായുമുള്ള ശതകോടികളുടെ നിക്ഷേപ പദ്ധതികള്‍ നഗരത്തെ സാമ്പത്തിക ശക്തി കേന്ദ്രമാക്കി മാറ്റും. കൊല്ലത്തിന്‍റെ സംയോജിത നഗര വികസന പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. നൂതന പാതകള്‍, ആധുനിക പാര്‍പ്പിട സമുച്ചയങ്ങള്‍, മെച്ചപ്പെട്ട പൊതുവിടങ്ങള്‍ എന്നിവ നഗര ജീവിതത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു. ഹരതി ഇടങ്ങള്‍ക്കുള്ള നിക്ഷേപവും ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പ് നല്‍കുന്നു. ഇതിന് പുറമെ ഇവ പുത്തന്‍ വ്യവസായ അവസരങ്ങള്‍, പ്രത്യേകിച്ച് കാര്‍ഷിക മേഖലയ്ക്ക് തുറന്ന് നല്‍കുന്നു.