മുംബൈയിൽ ആഡംബര കാറിടിച്ചു മരിച്ച കാവേരിക്ക് നീതി ലഭിക്കുമെന്ന;ഭർത്താവ്

0

മുംബൈ : ആഡംബര കാറിടിച്ചു മരിച്ച മുംബൈ സ്വദേശി കാവേരി നഖ്‌വയ്ക്കു (45) നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നു ഭർത്താവ് പ്രദീപ് നഖ്‌വ. ‘‘പ്രതികൾ വലിയ ആളുകളാണ്. അവർക്കെതിരെ ആരും ഒന്നും ചെയ്യില്ല. ഞങ്ങൾ തന്നെ എല്ലാം അനുഭവിക്കണം’’– രണ്ടു കുട്ടികളുടെ പിതാവായ പ്രദീപ് പറഞ്ഞു. കാറോടിച്ചിരുന്ന മിഹിർ ഷായുടെ (24) പിതാവും പാൽഘർ ജില്ലയിലെ ശിവസേന ഷിൻഡെ വിഭാഗം ഉപനേതാവുമായ രാജേഷ് ഷായെ പൊലീസ് അറസ്റ്റു ചെയ്തു. അപകടത്തിനു കാരണമായ ആഡംബര കാർ രാജേഷിന്റെ പേരിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

മുംബൈയിൽ മത്സ്യവിൽപന നടത്തിവരുന്ന വർളിയിലെ കോളിവാഡ സ്വദേശികളായ ദമ്പതികൾ അടുത്തദിവസം വിൽക്കാൻ വേണ്ട മീൻ വാങ്ങാൻ സ്കൂട്ടറിൽ സസൂൺ ഡോക്കിലെക്കു പോക‌ുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമിത വേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിച്ചു. രണ്ടുപേരും ഉയർന്നുപൊങ്ങി കാറിന്റെ ബോണറ്റിലേക്ക് വീണു. പ്രദീപ് പിന്നീട് പുറത്തേയ്ക്കു തെറിച്ചെങ്കിലും കാവേരി കാറിനടിയിൽപ്പെട്ട് റോഡിലൂടെ നിരങ്ങിനീങ്ങി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഞായറാഴ്ച പുലർച്ചെ വർളിയിലെ ദേശീയപാതിയിലായിരുന്നു അപകടം. മനഃപൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനം ഓടിക്കൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഭാരതീയ ന്യായസംഹിത വകുപ്പുകളും മോട്ടർ വാഹന നിയമത്തിലെ വിവിധ വകുപ്പുകളും അനുസരിച്ച് മുംബൈ പൊലീസ് കേസെടുത്തു. ശിവസേന നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷാ സംഭവശേഷം ഒളിവിലാണ്. മിഹിർ ഷായാണ് കാർ ഓടിച്ചിരുന്നതെന്നും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള ഡ്രൈവർ രാജ ഋഷി ബിദാവർ ഒപ്പമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. അപകടശേഷം ബാന്ദ്ര ഈസ്റ്റ് ഏരിയയിലെ കാലാ നഗറിൽ ഈ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാർ ബാന്ദ്രയിൽ ഉപേക്ഷിച്ച് മിഹിർ ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

സംഭവസമയം മിഹിര്‍ മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പത്താം ക്ലാസ് വരെ പഠിച്ച മിഹിർ, പിതാവിന്റെ ബിസിനസ് നോക്കി നടത്തുകയാണ്. ശനിയാഴ്ച അർധരാത്രി അമിതമായി മദ്യപിച്ച മിർ, ഇതിനുശേഷം ഡ്രൈവറോട് ലോങ് ഡ്രൈവ് പോകണമെന്ന് പറഞ്ഞു. ജുഹുവിൽനിന്നു വർളി വരെ എത്തിയശേഷം സ്വയം ഡ്രൈവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മിഹിർ ഡ്രൈവിങ് സീറ്റിൽ കയറുകയായിരുന്നു.

അപകടം നടന്നയുടൻ, കാറിൽ പതിച്ചിരുന്ന ശിവസേനയുടെ സ്റ്റിക്കറും നമ്പറും പ്ലേറ്റും നീക്കാൻ ഇയാൾ തിരക്കു കാണിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്നാണ് കാലാ നഗറിൽ വാഹനം ഉപേക്ഷിച്ചത്. കാമുകിയാണ് മിഹിറിനെ രക്ഷപ്പെടാൻ സഹായിച്ചതെന്നും വിവരം ലഭിച്ചിട്ടുണ്ട്. പബിൽനിന്നു നാല് സുഹൃത്തുക്കൾക്കൊപ്പം മിഹിർ ഇറങ്ങിവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *