“ജുഡീഷ്യറി സ്വാതന്ത്ര്യം ഭീഷണിയിൽ,” :ജനകീയ മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ബെംഗളൂരു: ഇന്ത്യയുടെ ജുഡീഷ്യറി സ്വാതന്ത്ര്യം ദുർബലമാകുന്നതിനെക്കുറിച്ച് വിമർശനങ്ങൾ ഉന്നയിച്ച് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ജുഡീഷ്യൽ ഉത്തരവാദിത്തം വീണ്ടെടുക്കുന്നതിനായി രാജ്യവ്യാപകമായ ഒരു ജനകീയ പ്രസ്ഥാനത്തിന് പ്രശാന്ത് ഭൂഷൺ ആഹ്വാനം ചെയ്തു. ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് (AILAJ) ബെംഗളൂരുവിൽ സംഘടിപ്പിച്ച പൊതുചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആശിർവാദ് ഹാളിൽ നടന്ന പരിപാടിയിൽ ‘ജുഡീഷ്യൽ അക്കൗണ്ടബിലിറ്റിയും സ്വാതന്ത്ര്യവും’ എന്നതായിരുന്നു പ്രധാന വിഷയം. ജുഡീഷ്യറിയുടെ നിലവിലെ പ്രവർത്തനത്തെക്കുറിച്ച് വിശദമായ വിമർശനമാണ് പ്രശാന്ത് ഭൂഷൺ നടത്തിയത്. എക്സിക്യൂട്ടീവിനോടുള്ള വർധിച്ചുവരുന്ന വിധേയത്വവും പൊതുഉത്തരവാദിത്തമില്ലായ്മയും അദ്ദേഹം എടുത്തുകാണിച്ചു.
തുടക്കത്തിൽ തന്നെ, ഭരണഘടന മുന്നോട്ടുവച്ച അടിസ്ഥാന തത്വം പ്രശാന്ത് ഭൂഷൺ ആവർത്തിച്ചു – ജുഡീഷ്യറി എക്സിക്യൂട്ടീവിൽ നിന്നും നിയമ നിര്‍മ്മാണസഭയിൽ നിന്നും സ്വതന്ത്രമായിരിക്കണം. പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമനിർമ്മാണസഭയും എക്സിക്യൂട്ടീവും ഭരണഘടനയുടെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ജുഡീഷ്യറിയെ നിയോഗിക്കുന്നതിനാൽ ഈ സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്.
“ജഡ്ജിമാരെ തെരഞ്ഞെടുക്കാനും നിയമിക്കാനുമുള്ള അധികാരം സർക്കാരിനുണ്ടെങ്കിൽ, അത് അവരുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുന്ന ജഡ്ജിമാരുടെ തെരഞ്ഞെടുപ്പിലേക്ക് നയിക്കും. അതുകൊണ്ടാണ് ഇത്തരം നിയമനങ്ങള്‍ ഭരണഘടന ജുഡീഷ്യറിക്ക് തന്നെ വിട്ടുകൊടുത്തത്” ഉന്നത കോടതികളിലെ ജുഡീഷ്യൽ നിയമനങ്ങളുടെ നിലവിലെ രീതിയായ കൊളീജിയം സംവിധാനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഭൂഷൺ പറഞ്ഞു.ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർധിച്ചുവരുന്നതിൽ അദ്ദേഹംആശങ്ക പ്രകടിപ്പിച്ചു. സമീപ വർഷങ്ങളിൽ പ്രത്യേകിച്ച്, നിലവിലെ കേന്ദ്ര സർക്കാറിന്റെ കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവർ പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.
“കഴിഞ്ഞ 10 വർഷത്തിനിടയിൽ, ജുഡീഷ്യൽ സ്വാതന്ത്ര്യത്തിൽ കുത്തനെയുള്ള ഇടിവ് നാം കണ്ടു. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുപകരം പല ജഡ്ജിമാരും സർക്കാർ ആഗ്രഹിക്കുന്നത് കൃത്യമായി ചെയ്യുന്നു” അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യദ്രോഹം, യുഎപിഎ തുടങ്ങിയ കിരാതമായ നിയമങ്ങള്‍ പ്രകാരം ആക്ടിവിസ്റ്റുകളെയും സര്‍ക്കാര്‍ വിമര്‍ശകരെയും ഏറെ നാള് ജയിലിലടയ്ക്കുന്നു. പലപ്പോഴും വിചാരണയോ ജാമ്യമോ ഇല്ലാതെയാണിത്. ഇതു ജുഡീഷ്യല്‍ പരാജയത്തിൻ്റെ വലിയൊരു ഉദാഹരണമാണ്”- ഭൂഷണ് ചൂണ്ടിക്കാട്ടി.
അതിക്രമങ്ങൾക്കെതിരെ നീതിന്യായ വ്യവസ്ഥയുടെ നിഷ്ക്രിയത്വംന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തിലും വിവേചനത്തിലും, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന അസ്വസ്ഥജനകമായ ജുഡീഷ്യൽ നിശബ്ദതയിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി. വീടുകൾ തകർക്കൽ, ആൾക്കൂട്ട കൊലപാതകങ്ങൾ, മറ്റ് തരത്തിലുള്ള വർഗീയ ലക്ഷ്യങ്ങൾ എന്നിവ പട്ടികപ്പെടുത്തിയ അദ്ദേഹം കോടതികൾ പലപ്പോഴും ഇടപെടാൻ “കഴിയുന്നില്ല അല്ലെങ്കിൽ മനസില്ല” എന്ന് നിലപാടിലാണുള്ളതെന്നും പറഞ്ഞു.
ജഡ്ജിമാർക്കായുള്ള ഇംപീച്ച്മെന്റ് പ്രക്രിയയെക്കുറിച്ചും ഭൂഷൺ ചർച്ച ചെയ്തു. അത് അപ്രായോഗികവും ഫലപ്രദമല്ലാത്തതുമാണെന്നാണ് അദ്ദേഹം പറയുന്നത്. “ഒരു ഇംപീച്ച്മെൻ്റ് പ്രമേയം ആരംഭിക്കാൻ പോലും ലോക്സഭയിൽ നിന്ന് 100 എംപിമാരുടെയും രാജ്യസഭയിൽ നിന്ന് 50 എംപിമാരുടെയും ഒപ്പുകൾ ആവശ്യമാണ്.ഇന്നുവരെ, ഒരു ജഡ്ജിയെയും വിജയകരമായി ഇംപീച്ച് ചെയ്തിട്ടില്ല. എത്ര ഗുരുതരമായ ദുഷ്പെരുമാറ്റം ഉണ്ടായാലും ഒരു ജഡ്ജിയെ നീക്കം ചെയ്യുന്നത് ഇത് മിക്കവാറും അസാധ്യമാക്കി”- ജഡ്ജിമാർക്കായി അർഥവത്തായ ഒരു അച്ചടക്ക സംവിധാനത്തിൻ്റെ അഭാവമാണിതെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു വിഷയം ഇലക്ടറൽ ബോണ്ട് കേസായിരുന്നു. സുതാര്യതയില്ലായ്മ കാരണം ഈ സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി കണ്ടെത്തി. ഈ വിധി ഉണ്ടായിരുന്നിട്ടും വൻതോതിലുള്ള പണം രാഷ്ട്രീയ പാർട്ടികളിലേക്ക്, പ്രത്യേകിച്ച് ബിജെപിയിലേക്ക് എങ്ങനെ ഒഴുകിയെന്ന് അന്വേഷിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഭൂഷൺ പറഞ്ഞു.”തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ ഭരണഘടനാ വിരുദ്ധത തെളിയിച്ചതിനുശേഷവും ഉത്തരവാദിത്തമോ അന്വേഷണമോ അനന്തരഫലങ്ങളോ ഉണ്ടായിട്ടില്ല”- അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരുടെ വിരമിക്കലിന് ശേഷമുള്ള നിയമനങ്ങളുടെ രീതിയെക്കുറിച്ചും പ്രശാന്ത് ഭൂഷൺ മുന്നറിയിപ്പ് നൽകി. ഇത് ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്നുവെന്ന് പറഞ്ഞു.”അരുൺ ജെയ്റ്റ്ലി ഒരിക്കൽ പാർലമെൻ്റിൽ പറഞ്ഞതുപോലെ – ‘വിരമിക്കലിന് മുമ്പുള്ള വിധിന്യായങ്ങളെ വിരമിക്കലിന് ശേഷമുള്ള ജോലികൾ സ്വാധീനിക്കുന്നു’. അനുകൂല വിധിന്യായങ്ങൾ പുറപ്പെടുവിച്ചതിന് ശേഷം ജഡ്ജിമാർക്ക് രാജ്യസഭാ സ്ഥാനങ്ങളോ ഗവർണർ സ്ഥാനങ്ങളോ വാഗ്ദാനം ചെയ്യപ്പെടുന്നു. ഇതാണ് സംഭവിക്കുന്നത്” അദ്ദേഹം ഉദാഹരണങ്ങളോടെ പറഞ്ഞു.അനിയന്ത്രിതമായ ജുഡീഷ്യൽ അധികാരവും മേൽനോട്ടക്കുറവും എങ്ങനെയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്ന് ഭൂഷൺ എടുത്തുപറഞ്ഞു: “ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാർക്ക് ആരോടും ഉത്തരവാദിത്തമില്ലാത്തപ്പോൾ, അഴിമതി വളരുന്നു – അത് സർക്കാരുകൾക്ക് അനുയോജ്യമാണ്. അവർക്ക് നിയന്ത്രിക്കാൻ കഴിയുന്ന അഴിമതിക്കാരായ ജഡ്ജിമാരെയാണ് അവർ ഇഷ്ടപ്പെടുന്നത്”
നീതിന്യായ പരാജയങ്ങളുടെ യഥാർഥ ദുരിതമനുഭവിക്കുന്നത് നീതിക്കായി കോടതികളെ ആശ്രയിക്കുന്ന സാധാരണക്കാരാണെന്ന് ഭൂഷൺ ഊന്നിപ്പറഞ്ഞു. “പൗരന്മാരാണ് നീതിന്യായ വ്യവസ്ഥയുടെ യഥാർഥ ഉപഭോക്താക്കൾ. ആളുകൾ അണിനിരന്ന് ഉത്തരവാദിത്തം ആവശ്യപ്പെടുന്നില്ലെങ്കിൽ ഒന്നും മാറില്ല” അദ്ദേഹം പറഞ്ഞു.ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഒരു വലിയ ജനകീയ പ്രസ്ഥാനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. “സുസ്ഥിരമായൊരു പൊതുജന പോരാട്ടത്തിന് മാത്രമേ ജുഡീഷ്യറിയെ പരിഷ്കരിക്കാനും അതിൻ്റെ ഭരണഘടനാപരമായ പങ്ക് വീണ്ടെടുക്കാനും കഴിയൂ” ഭൂഷൺ പറഞ്ഞു.ജനാധിപത്യത്തിൻ്റെയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി നിയമ വിദഗ്ധരും, സിവിൽ സമൂഹവും സാധാരണ പൗരന്മാരും ഒത്തുചേരണമെന്നും അദ്ദേഹം പറഞ്ഞു.