ഡിഎംകെയും ആം ആദ്മിയും വിട്ടു നിന്നു, ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: ഇൻഡ്യ സഖ്യത്തിൻ്റെ യോഗം അവസാനിച്ചു. യോഗത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. യോഗത്തില്‍ അഞ്ച് കാര്യങ്ങളില്‍ തീരുമാനമെടുത്തെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വോട്ട് മോഷണത്തില്‍ ശക്തമായി മുന്നോട്ട് പോകാനും, വിഷയത്തില്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി അനിവാര്യമാണെന്നും സാമ്പത്തിക സ്ഥിതി, വിലക്കയറ്റം, കര്‍ഷകരുടെ പ്രശ്‌നം എന്നിവ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചതായി മല്ലാകാർജ്ജുൻ ഖർഗെ അറയിച്ചു.എല്ലാ രണ്ട് മാസം കൂടുമ്പോഴും ഇന്ത്യാ സഖ്യം യോഗം ചേരുമെന്നും ഇന്നത്തെ യോഗം തീരുമാനിച്ചു. അടുത്ത യോഗം ഒക്ടോബര്‍ എട്ടിന് ഹൈദരാബാദില്‍ വെച്ച് നടക്കും. മണ്‍സൂണ്‍ സെഷനില്‍ എല്ലാ ദിവസവും രാവിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ യോഗം ചേരുമെന്നും തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ ദുര്‍ഭരണം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സഖ്യം ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും ഖര്‍ഗെ ആഹ്വാനം ചെയ്തു. അവശ്യ വസ്തുക്കളുടെ വിലക്കയറ്റില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനാല്‍ ബിജെപി ഇതര സംസ്ഥാനങ്ങളോട് വിവേചപരമായ സമീപനം കാണിക്കുന്നുവെന്ന് ഖര്‍ഗെ പറഞ്ഞു. അതേസമയം യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ മറ്റ് പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ സിപിഐഎം- ബിജെപി ഡീല്‍ ആരോപണം യോഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ചു. വിഷയത്തിലെ അതൃപ്തിയും ജോണ്‍ ബ്രിട്ടാസ് യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഓരോ സംസ്ഥാനത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കാതെ ഇരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് അറിയിച്ചത്.
അതേസമയം വിമര്‍ശനം ഉള്‍ക്കൊള്ളുന്നു എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബ്രിട്ടാസിൻ്റെ വിമർശനങ്ങളെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പിന്തുണച്ചിരുന്നു. തേജസ്വി യാദവ്, അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കളും എതിര്‍പ്പുകള്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വേണ്ട ഏകോപനം ഉണ്ടാകുന്നില്ല എന്ന് തേജസ്വി യാദവ് വിമര്‍ശനം ഉന്നയിച്ചു. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകും എന്ന് കോണ്‍ഗ്രസ് നിലപാട് അറിയിച്ചു.വികാരാധീതയായാണ് മമത ബാനര്‍ജി യോഗത്തില്‍ പ്രതികരിച്ചത്. പശ്ചിമബംഗാളില്‍ ഇൻഡ്യ സഖ്യ ഐക്യം ഉണ്ടാകണമെന്ന് മമത ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പോകണം. തെരഞ്ഞെടുപ്പില്‍ വോട്ട് കൊള്ളയുണ്ടായെന്നും മമത യോഗത്തില്‍ പറഞ്ഞു. അതേസമയം ഡിഎംകെ, ആം ആദ്മി പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തില്ല.
അതേസമയം ഇന്‍ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളില്‍ പരസ്യ പ്രതികരണം നല്‍കിയതില്‍ ജോണ്‍ ബ്രിട്ടാസ് എംപിയോട് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അതൃപ്തി പരസ്യമാക്കി. മീറ്റിങ്ങിന് മുമ്പ് ബൈറ്റ് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. യോഗത്തില്‍ പറഞ്ഞ ശേഷം ബൈറ്റ് കൊടുത്താല്‍ മതിയായിരുന്നില്ലേയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഇന്‍ഡ്യ സഖ്യ യോഗത്തിന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ എത്തിയപ്പോഴായിരുന്നു കെ സി വേണുഗോപാലിന്റെ അതൃപ്തി പരസ്യമാക്കല്‍. ഇതിന് പിന്നാലെ കെ സി വേണുഗോപാലിനെ ജോണ്‍ ബ്രിട്ടാസ് കെട്ടിപ്പിടിച്ചു.
