“55 കിലോയുള്ള നവീന്‍ബാബു0.5 സെന്റിമീറ്റര്‍ വണ്ണമുള്ള കയറില്‍ തൂങ്ങി മരിച്ചതെങ്ങനെ ?” പി വി അന്‍വര്‍ എംഎല്‍എ
ന്യൂഡല്‍ഹി: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ സര്‍വത്ര ദുരൂഹതയാണ്. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായാണ് പറയുന്നത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ എവിടെയും രക്തത്തിന്റെ അംശത്തെപ്പറ്റി പറയുന്നില്ല. തൂങ്ങുമ്പോള്‍ ശ്വാസം മുട്ടിയാകും മരിക്കുക. എയര്‍ പാസേജ് ബ്ലോക്ക് ആകുകയോ, പൊട്ടുകയോ ചെയ്യും. എന്നാല്‍ അതെല്ലാം നോര്‍മല്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്നും പി വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സാധാരണ തൂങ്ങിമരണത്തില്‍, തൂങ്ങിക്കഴിഞ്ഞാല്‍ മലമൂത്ര വിസര്‍ജ്ജനം ഉണ്ടാകും. എന്നാല്‍ നവീന്‍ബാബുവിന്റെ യൂറിനറി ബ്ലാഡര്‍ ശൂന്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹം മൂത്രമൊഴിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ അതു കാണേണ്ടതല്ലേ. അതു രേഖപ്പെടുത്തേണ്ടതല്ലേ?. അതൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. 0.5 സെന്റിമീറ്റര്‍ വണ്ണമുള്ള കയറില്‍ തൂങ്ങി മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 55 കിലോ ഭാരമുള്ള നവീന്‍ബാബു എങ്ങനെ ഈ കയറില്‍ തൂങ്ങിനിന്നു എന്നും അന്‍വര്‍ ചോദിച്ചു.
തൂങ്ങിയതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചിട്ടും എഡിഎമ്മിന്റെ ഹൃദയ വാല്‍വ്, ഭിത്തി അടക്കമുള്ള അവയവങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അടിവസ്ത്രത്തില്‍ രക്തമുണ്ടെന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നില്ല. എഡിഎമ്മിന്റെ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചില്ല. സാധാരണ നിലയില്‍ നടത്തുന്ന ഈ പരിശോധനയ്ക്കു പോലും ഇത്രയും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മരിച്ചിട്ടും പരിശോധനയ്ക്ക് അയച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എങ്ങനെ മരിച്ചു എന്നറിയാനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ആ ഇന്റന്‍ഷന്‍ ആരുടെയൊക്കെയോ താല്‍പ്പര്യ പ്രകാരം ഒരു ഭാഗത്തും പരിശോധിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. നവീന്‍ബാബു ഒരിക്കലും ജീവനൊടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. അവസാനം വിളിച്ചപ്പോഴും അങ്ങനെയൊരു സൂചന ഉണ്ടായിരുന്നില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമായി ബന്ധപ്പെട്ട മറ്റു രഹസ്യങ്ങള്‍ നവീന്‍ബാബുവിന് അറിയുമായിരുന്നോയെന്ന് അന്വേഷിക്കണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടു.
ഒരു പെട്രോള്‍ പമ്പിന്റെ വിഷയം മാത്രമല്ല. അദ്ദേഹത്തിന്റെ അടുത്ത ആളുകളോട് നവീന്‍ബാബു പറഞ്ഞത്, അദ്ദേഹത്തിന് അവിടെ ജോലി ചെയ്യാന്‍ കഴിയുന്നില്ല എന്നാണ്. നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ക്കും പി ശശി ഉള്‍പ്പെടെ നിര്‍ബന്ധിക്കുന്നു. പറ്റാവുന്നതിന്റെ പരമാവധി ചെയ്തു കൊടുത്തു. ഇനി കണ്ണൂരില്‍ ജോലി ചെയ്യാന്‍ പറ്റില്ലെന്ന് നവീന്‍ബാബു അടുപ്പമുള്ളവരോട് പറഞ്ഞുവെന്നും അന്‍വര്‍ വ്യക്തമാക്കി.
സിപിഎം പറയുന്നത് നവീന്‍ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും, സിബിഐ അന്വേഷണം വേണമെന്നുമാണ് നവീന്‍ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്. സര്‍ക്കാരിന്റെ നിലപാട് സത്യസന്ധമെങ്കില്‍ എന്തുകൊണ്ടാണ് കുടുംബത്തിന്റെ ആവശ്യത്തെ പിന്തുണയ്ക്കാത്തത്. എന്തിനെയാണ് സര്‍ക്കാരും സിപിഎമ്മും ഭയക്കുന്നത്. ഇല്ലാത്ത കാര്യം ഉണ്ടാക്കിക്കൊണ്ടുവരാന്‍ ഏത് ഏജന്‍സി ശ്രമിച്ചാലും അതിന് പരിധി ഉണ്ടല്ലോയെന്നും പി വി അന്‍വര്‍ ചോദിച്ചു. കേസില്‍ കക്ഷിചേരുന്ന കാര്യം പരിശോധിച്ചു വരികയാണെന്നും അന്‍വര്‍ വ്യക്തമാക്കി.