അപകട ക്ലെയിമുകളിൽ പ്രതിമാസ വരുമാനം കുറഞ്ഞത് 30,000 രൂപയാക്കണം സുപ്രീം കോടതി

ന്യൂഡൽഹി: മോട്ടോർ വാഹന അപകട ക്ലെയിമുകളിൽ വീട്ടമ്മമാരുടെ മരണമോ വൈകല്യമോ ഉണ്ടാക്കുന്ന ഗാർഹിക പരിചരണത്തിന്റെ നഷ്ടം പ്രത്യേകമായി പരിഗണിച്ചു തത്തുല്യമായ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. വീട്ടമ്മമാർ നൽകുന്ന സേവനങ്ങളുടെ മൂല്യം പ്രതിമാസം കുറഞ്ഞത് 30,000 രൂപയായി നിജപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മോട്ടോർ വാഹന അപകട ക്ലെയിം അപ്പീലിൽ വിധി പ്രസ്താവിക്കവെ, ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വീട്ടമ്മമാരുടെ സംഭാവനകൾ വീടിന്റെ അതിരുകൾക്കപ്പുറം രാഷ്ട്രനിർമ്മാണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചത്.
മോട്ടോർ വാഹന നിയമപ്രകാരം നഷ്ടപരിഹാരം നിർണ്ണയിക്കുമ്പോൾ, ഒരു വീട്ടമ്മയുടെ മരണം മൂലമോ അല്ലെങ്കിൽ ശാരീരിക അവശതകൾ മൂലമോ കുടുംബത്തിനുണ്ടാകുന്ന പരിചരണത്തിന്റെ നഷ്ടത്തെ ഒരു സ്വതന്ത്ര ഘടകമായി അംഗീകരിക്കേണ്ടതുണ്ടെന്ന് കോടതി ഊന്നിപ്പറഞ്ഞു. വീട്ടമ്മമാർ വ്യക്തികളുടെയും ഒപ്പം ഈ രാജ്യത്തിന്റെയും വളർച്ചയ്ക്കാണ് സംഭാവന നൽകുന്നത്. വീട്ടമ്മ ഒരു രാഷ്ട്രശില്പിയാണ്. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രനിർമ്മാതാവ് എന്ന നിലയിൽ വീട്ടമ്മയുടെ ഗാർഹിക പരിചരണത്തിന്റെ നഷ്ടം പ്രതിമാസം കുറഞ്ഞത് 30,000 രൂപയായി നിജപ്പെടുത്തുന്നു, വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് കരോൾ വ്യക്തമാക്കി.
സുപ്രീം കോടതിയുടെ ചരിത്രപരമായ ‘പ്രണയ് സേഥി’ വിധിയിൽ അംഗീകരിച്ചിട്ടുള്ള പൊതുവായ നഷ്ടപരിഹാര മാനദണ്ഡങ്ങൾക്ക് പുറമെ, ഗാർഹിക പരിചരണത്തിന്റെ നഷ്ടം എന്ന പേരിൽ ഈ തുക അധികമായി അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇനിമുതൽ ‘ഹോം മേക്കർ’ എന്ന വാക്ക് ‘നേഷൻ ബിൽഡർ’ (രാഷ്ട്രശില്പി) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുമെന്ന് തങ്ങൾ പ്രത്യാശിക്കുന്നതായും ജസ്റ്റിസ് കരോൾ കൂട്ടിച്ചേർത്തു. വീട്ടമ്മമാർ ജോലി ചെയ്യുന്നില്ലെന്ന പരമ്പരാഗത ധാരണ തെറ്റാണെന്നും, അവരുടെ പരോക്ഷ വരുമാനം ഒരു ദിവസക്കൂലിക്കാരന് ലഭിക്കുന്ന മിനിമം വേതനത്തേക്കാൾ കുറവായിരിക്കരുത് എന്നും മുൻപ് 2024-ൽ പുറപ്പെടുവിച്ച മറ്റൊരു സുപ്രധാന വിധിയിലും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
