ഹിമാചൽപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം.
ഹിമാചൽപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെ ഇന്ന് പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂര്‍ ഗവർണറെ കാണും. രാവിലെ 7:30 ന് ആയിരിക്കും ജയ്റാം താക്കൂർ ഗവർണറെ കാണുക. 68 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 35 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ ഇന്നലെ 34 എംഎൽഎമാർ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്.
ഹരിയാനയിലെ റിസോർട്ടിലുള്ള എംഎൽഎമാർ കൂടൂതൽ പേരെ അടർത്താൻ ശ്രമിക്കുന്നതായാണ് വിവരം. 26 പേർ നേതൃമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വിമത എംഎൽഎമാരുടെ അവകാശവാദം. എഐസിസി പ്രതിനിധികൾ എംഎൽഎമാരെ ഇന്ന് നേരിട്ട് കാണും. കോൺഗ്രസ് നീക്കങ്ങൾക്ക് നേതൃത്വം നൽകാൻ ഡി.കെ ശിവകുമാറും ഭൂപേന്ദ്ര ഹൂഡയും ഹിമാചലിലേക്ക് പോകുമെന്നാണ് സൂചന.
അത്യന്തം നാടകീയ നീക്കങ്ങൾക്കൊടുവിൽ നറുക്കെടുപ്പിലേക്കെത്തിയ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മനു അഭിഷേക് സിംഗ്വി തോറ്റതിന് പിന്നാലെയാണ് ഹിമാചൽപ്രദേശിൽ പ്രതിസന്ധി ആരംഭിച്ചത്. കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് ഹിമാചൽ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ മനു അഭിഷേക് സിംഗ്വിയെ അട്ടിമറിച്ചത്. 68 അംഗ ഹിമാചൽ നിയമസഭയിൽ 40 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും സുഖ്വീന്ദ്ർ സിംഗ് സുഖു നയിക്കുന്ന സർക്കാരിനുണ്ട്. ബിജെപിക്ക് 25 എംഎൽഎമാരെ നിയമസഭയിലുള്ളു. എന്നാൽ ഇന്നു നടന്ന വോട്ടെടുപ്പിൽ മൂന്നു സ്വതന്ത്രരും ആറ് കോൺഗ്രസ് എംഎൽഎമാരും കൂറുമാറി ബിജെപിക്ക് വോട്ടു ചെയ്തു. ഇതോടെ രണ്ട് സ്ഥാനാർത്ഥികൾക്കും 34 വോട്ടുകൾ വീതം കിട്ടി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. ബിജെപി, സ്ഥാനാർത്ഥിയെ നിറുത്തിയത് തന്നെ അട്ടിമറിക്കു വേണ്ടി ആയിരുന്നെന്നും തോൽവി അംഗീകരിക്കുന്നെന്നുമെന്നുമായിരുന്നു മനു അഭിഷേക് സിംഗ്വിയുടെ പ്രതികരണം.