ഹജ്ജ് തീർത്ഥാടനം: കൊച്ചിയിൽനിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടു
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്നുള്ള 278 തീർഥാടകരുമായി ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം കൊച്ചിയിൽനിന്ന് പുറപ്പെട്ടു. സൗദി എയർലൈൻസിന്‍റെ എസ്.സി. 3783 നമ്പർ വിമാനത്തിൽ 150 പുരുഷന്മാരും 128 സ്ത്രീകളുമാണ് യാത്ര പുറപ്പെട്ടത്. ഇന്ന് ഉച്ച 12.10നാണ് ആദ്യവിമാനം പുറപ്പെട്ടത്.
279 പേരാണ് പോവേണ്ടിയിരുന്നതെങ്കിലും ഒരാളുടെ യാത്ര റദ്ദായതായി ഹജ്ജ് സെൽ ഓഫിസർ വ്യക്തമാക്കി. ഇതേ വിമാനത്തിൽ തീർഥാടകർക്ക് ഗൈഡായി കേരള പൊലീസിൽ നിന്നുള്ള മുവാറ്റുപുഴ സ്വദേശി പി.എ. മനാഫും യാത്ര പുറപ്പെട്ടിട്ടുണ്ട്. ജൂൺ ഒമ്പതുവരെ 16 വിമാനങ്ങളിലായി 4273 പേരാണ് ഇവിടെനിന്ന് ഹജ്ജ് നിർവഹണത്തിന് പുറപ്പെടുക.
ആദ്യവിമാനത്തിൽ യാത്ര പോകേണ്ട ഹാജിമാർ സഞ്ചരിച്ച ബസ്സ് രാവിലെ എട്ടിന് ക്യാമ്പ് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ബെന്നി ബഹനാൻ എം.പിയും എം.എൽ.എമാരായ മുഹമ്മദ് മുഹ്സിനും അൻവർ സാദത്തും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.