മരണത്തിലെ ദുരൂഹതയും സതീഷിന്റെ സ്വഭാവ വൈകൃതങ്ങളും വെളിപ്പെടുത്തി സുഹൃത്ത്

ഷാർജ: ഷാർജയിലെ ഫ്ലാറ്റില്‍ കൊല്ലം സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി അതുല്യയുടെ സുഹൃത്ത്.
ആത്മഹത്യ ചെയ്തേക്കാവുന്ന വലിയ വലിയ പ്രശ്നങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ചെയ്യണമായിരുന്നു. ഇപ്പോള്‍ മരിക്കുന്നതിന് തലേദിവസം വരെ ഭയങ്കര സന്തോഷത്തോടെയാണ് സംസാരിച്ചത്. അവന് ഒരു ഭാര്യയെ അല്ല ഒരടിമയെയാണ് വേണ്ടിയിരുന്നതെന്നും സുഹൃത്ത് പ്രതികരിച്ചു.സതീഷ് അതുല്യയെക്കൊണ്ട് മൂത്രം വരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്ക് എറിഞ്ഞെന്നും സുഹൃത്ത് ആരോപിച്ചു. അതുല്യ തന്നോട് വെളിപ്പെടുത്തിയ കാര്യങ്ങളെന്ന നിലയിലാണ് സുഹൃത്ത് ഇക്കാര്യങ്ങള്‍ ഒരു വാർത്താ ചാനലില്‍ തുറന്നു പറഞ്ഞത്.
സതീഷില്‍ നിന്ന് കൊടിയ പീഡനമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്ത് പറയുന്നു. ജോലിക്ക് പോകുമ്പോള്‍ മൂന്നു നേരത്തെ ഭക്ഷണം തയ്യാറാക്കി കൊടുക്കണം. ഷൂലേസ് വരെ കെട്ടിക്കൊടുക്കണം, അടിവസ്ത്രം വരെ ഊരി അവളുടെ മുഖത്താണ് എറിയുന്നത്. അവൻ മൂത്രമൊഴിച്ചിട്ട് അത് അവളെ കൊണ്ട് കുടിപ്പിച്ചിട്ടുണ്ട്. അതുല്യ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും സുഹൃത്ത് വെളിപ്പെടുത്തി .പുറത്തുപോകാനോ ആരോടെങ്കിലും സംസാരിക്കാനോ അനുവദിച്ചിരുന്നില്ല .
ഗർഭിണിയായിരുന്ന സമയത്തും അതുല്യയെ ഉപദ്രവിച്ചിരുന്നുവെന്ന് സഹോദരി അഖില വെളിപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യുകയാണേല്‍ അന്ന് ചെയ്യുമായിരുന്നു. ഇത്രയും പ്രശ്നം സഹിച്ച വ്യക്തി ഒരിക്കലും ഈയൊരു ചെറിയ കാര്യത്തിന് ആത്മഹത്യ ചെയ്യില്ല. അവള്‍ക്ക് കുഞ്ഞായിരുന്നു വലുത്. പെണ്‍കുഞ്ഞായതുകൊണ്ട് അതിന്റെ പേരിലും ഉപദ്രവിച്ചുവെന്നും സുഹൃത്ത് പറഞ്ഞു .
മുറി പൂട്ടിയിട്ടാണ് അവൻ പുറത്തുപോയിരുന്നത്. അവളുടെ അച്ഛന്റെയും മറ്റും കാലുപിടിച്ച് പറഞ്ഞ ശേഷമാണ് അവള്‍ അവന്റെയൊപ്പം വീണ്ടും പോയത്.വർഷങ്ങളായി താനുമായി യാതൊരു ബന്ധവുമില്ലെന്നാണ് സതീഷിന്റെ അമ്മയുടെ തുറന്നു പറച്ചിൽ. എല്ലാവരുടെയും വെളിപ്പെടുത്തലിൽ നിന്നും വ്യക്തമാകുന്നത് സതീഷ് സ്വഭാവ വൈകൃതങ്ങളുള്ള ഒരു വ്യക്തിയാണ് എന്നാണ്.
ശനിയാഴ്ച പുലർച്ചെയാണ് ഷാർജ റോളയിലെ ഫ്ലാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തവറ തെക്കുംഭാഗം കോയിവിള സ്വദേശിയാണ്. അതുല്യയുടെ ദേഹമാസകലം അടികൊണ്ടതിന്റെയും ഉപദ്രവിച്ചതിന്റെയും പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അതുല്യ തന്നെ റെക്കോർഡു ചെയ്ത വോയ്സ് ക്ലിപ്പുകളും പീഡന രംഗങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒരു വർഷമായി ഭർത്താവ് സതീഷ് ശങ്കറിനോടൊപ്പം ഷാർജയില്‍ താമസിക്കുകയായിരുന്നു അതുല്യ . ദുബായിലെ ഒരു കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ എൻജിനീയറാണ് സതീഷ് ശങ്കർ.
കൂട്ടുകാർക്കൊപ്പം അജ്മാനില്‍ പോയി പുലർച്ചെ മടങ്ങിയെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടത് എന്നും തന്നെ പേടിപ്പിക്കാൻ കാണിച്ചത് അബദ്ധത്തിൽ ആത്മഹത്യയിലേക്ക് ചെന്നെത്തിയതാവാം എന്നുമാണ് സതീഷ് പറയുന്നത്. ദമ്പതിമാരുടെ ഏകമകൾ ആരാധിക നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.