ലോകത്തിന്റെ ‘ഫ്രഞ്ച്ഷിപ്’ സംസ്കാരത്തെക്കുറിച്ച് എം.മുകുന്ദൻ
ലോകമാകെ ഫ്രാൻസിന്റെ തെരുവുകളിലേക്കു ചേക്കേറുകയാണ്. 206 രാജ്യങ്ങളിലെ കായികപ്രതിഭകൾ സെൻ നദിയോരത്തെത്തുന്നു. അതിൽ ജേതാക്കളാകുന്നവരുണ്ടാകും. ഒന്നും നേടാനാവാത്തവരുണ്ടാകും. ജേതാക്കളുടെ ആഘോഷത്തിനായി ലോകം കാതോർക്കും. അങ്ങനെയൊരു സന്ദർഭമാണ് ഇപ്പോൾ ഞാനോർക്കുന്നതും. 1998ൽ ഫ്രാൻസിൽ നടന്ന ലോകകപ്പ് ഫുട്ബോളിലെ ഫൈനൽ. ഫ്രാൻസിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സ്താദ് ദെ ഫ്രാൻസിൽ ലോകം നെഞ്ചിടിപ്പോടെ കണ്ട ബ്രസീൽ–ഫ്രാൻസ് മത്സരം. ഞാനന്ന് ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്യുകയാണ്. ഡൽഹി ചാണക്യപുരിയിലെ എംബസി മുറ്റത്തെ വലിയ സ്ക്രീനിലാണ് ഞാനന്നു കളികണ്ടത്. അന്നു വലിയ സ്ക്രീൻ എന്നൊക്കെ പറയുമ്പോൾ മറ്റൊരു അദ്ഭുതമായിരുന്നു. കളിയുടെ ആദ്യപകുതിയിൽ ഫ്രാൻസിന്റെ സിനദിൻ സിദാൻ ഹെഡ് ചെയ്ത പന്ത് ബ്രസീലിന്റെ വല കുലുക്കി.
കുടിയേറ്റക്കാരാനായെത്തി, ലോക കായികവേദിയിൽ ഫ്രാൻസിന്റെ മുഖമായി മാറുകയായിരുന്നു സിനദിൻ സിദാൻ! വരേണ്യവർഗക്കാരായ ഫുട്ബോൾ കളിക്കാരുടെ ഇടയിൽ അയിത്തം കൽപിക്കപ്പെട്ടവനായിരുന്നു കുടിയേറ്റക്കാരനായ സിദാൻ. എംബസിയുടെ മുറ്റത്തു കടലിരമ്പം പോലെയുള്ള കയ്യടി. ഞാനും അക്കൂട്ടത്തിൽ കയ്യടിച്ചു. ഫ്രാൻസിന്റെ ഗോളടിക്കായിരുന്നില്ല എന്റെ കയ്യടി. അതു സിനദിൻ സിദാനുവേണ്ടിയായിരുന്നു. അരികുവൽക്കരിക്കപ്പെട്ടവരുടെ കൂടെയായിരുന്നു എന്നും എന്റെ മനസ്സ്. അതാ വീണ്ടുമൊരു ഗോൾ..അതും സിദാന്റെ ഹെഡിൽ നിന്നു തന്നെ. ഒരു ഗോൾ പോലുമടിക്കാൻ കഴിയാതെ ബ്രസീൽ ഫ്രാൻസിനു മുന്നിൽ അടിയറവു പറഞ്ഞു. ലോകം ഫ്രാൻസിന്റെ ഐതിഹാസിക വിജയത്തിൽ മതിമറന്നു. എംബസി മുറ്റത്ത് അന്നു പുലരുവോളം ആഘോഷമായിരുന്നു.
ഫ്രാൻസ്..സിദാൻ.. കാണാനെത്തിയവരെല്ലാം ഷാംപെയ്‌ൻ കുടിച്ചുകൊണ്ട് ആർത്തുവിളിച്ചു. ഡൽഹിയിലിരുന്ന് ഞങ്ങൾ ഇങ്ങനെ ആഘോഷിക്കുമ്പോൾ ഫ്രാൻസിലെ തെരുവോരങ്ങളിലെ സന്തോഷം എന്തായിരിക്കുമെന്ന് എനിക്കൂഹിക്കാൻ പറ്റുമായിരുന്നു. ആഘോഷിക്കാൻ അവസരം കിട്ടുമ്പോഴെല്ലാം ആ രാജ്യം അതിൽ മതിമറക്കും. ദുഃഖിക്കേണ്ട സന്ദർഭമാണെങ്കിൽ അങ്ങനെയും. 2006ലെ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഇറ്റലിയുടെ കളിക്കാരൻ മാർക്കോ മറ്റെരാസി സിദാനെ വംശീയമായി അധിക്ഷേപിച്ചപ്പോൾ സിദാൻ അയാളെ തലകൊണ്ട് നെഞ്ചിലിടിച്ചു. അൽജീരിയൻ വംശക്കാരനായ സിദാൻ ഒട്ടേറെത്തവണ വംശവെറിക്കിരയായിട്ടുണ്ട്. കളിക്കളത്തിൽ വച്ച് ഹൃദയത്തിനേറ്റ മുറിവായിരുന്നു അയാളെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. റഫറി സിദാനു ചുവപ്പുകാർഡ് കാണിച്ചു. അന്നു ഫ്രാൻസ് തേങ്ങി. ലോകം കൂടെ തേങ്ങി; അക്കൂട്ടത്തിൽ ഞാനും.
ലോകകപ്പിനു ശേഷം ഫ്രാൻസ് വീണ്ടുമൊരു കായികമാമാങ്കത്തിനു വേദിയാവുകയാണ്. ഭിന്നിച്ചുനിൽക്കുന്നവരെ കായികവേദികളിലൂടെ ഒന്നിപ്പിക്കാമെന്ന ആശയത്തിന്റെ പ്രചാരകനായ പിയർ ദ് കൂബെർതെന്റെ നാടാണ് ഫ്രാൻസ്. അവിടെ ലോകഹൃദയങ്ങൾ വീണ്ടും ഒന്നാവുകയാണ്. എല്ലാ മുറിവുകളുമുണക്കി, വേദനകളെ കാറ്റിൽപറത്തി, അശാന്തിയുടെ കനൽ കെടുത്താൻ പാരിസിലെ വേദികൾക്കാകട്ടെയെന്നു നമുക്കു പ്രത്യാശിക്കാം. അടുത്തിടെ നടന്ന ഫ്രഞ്ച് തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തീവ്രവലതുവിഭാഗത്തിനായിരുന്നു മുൻതൂക്കം. കുടിയേറ്റക്കാർ രാജ്യം വിട്ടുപോകണമെന്നതാണ് അവരുടെ പ്രധാന ആവശ്യം. കറുത്ത വംശജരെ ഒഴിവാക്കി ആധുനിക ഫ്രാൻസിനൊരു ഭൂത–വർത്തമാന– ഭാവികാലമില്ല. കറുത്തവംശജരെ മാറ്റിനിർത്തി ഫ്രാൻസിനൊരു കലാ–സാംസ്കാരിക–കായികചരിത്രമില്ല.
ഈ ഒളിംപിക്സിലും ഫ്രാൻസിനായി ഏറ്റവുമധികം മെഡൽ നേടാൻ പോകുന്നത് അവരായിരിക്കും. കുടിയേറ്റക്കാരും ഫ്രാൻസിന്റെ അവിഭാജ്യഘടകമാണെന്ന് തീവ്രവലതുപക്ഷക്കാർ മനസ്സിലാക്കാൻ പോകുന്ന ഒളിംപിക്സ് കൂടിയാണിതെന്ന ചരിത്രദൗത്യം കൂടി നടപ്പിലാകട്ടെ… “ഭിന്നിച്ചുനിൽക്കുന്നവരെ കായികവേദികളിലൂടെ ഒന്നിപ്പിക്കാമെന്ന ആശയത്തിന്റെ പ്രചാരകനായ പിയർ ദ് കൂബെർതെന്റെനാടാണ് ഫ്രാൻസ്. അവിടെ ലോകഹൃദയങ്ങൾ വീണ്ടും ഒന്നാവുകയാണ്. എല്ലാ മുറിവുകളുമുണക്കി, വേദനകളെ കാറ്റിൽപറത്തി, അശാന്തിയുടെ കനൽ കെടുത്താൻ പാരിസിലെ കായികവേദികൾക്കാകട്ടെയെന്നു നമുക്കു പ്രത്യാശിക്കാം..”