സർക്കാർ ജോലി ലഭിക്കാനായി സ്വന്തം മകളെ മറ്റൊരാൾക്ക് വിൽപ്പന ചെയ്‌ത് പിതാവ്

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിൽ സർക്കാർ ജോലി ലഭിക്കാനായി സ്വന്തം മകളെ ഒരു ലക്ഷം രൂപയ്‌ക്ക് വിറ്റ് പിതാവ്. എട്ട് വർഷത്തിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ ഇക്കാര്യം തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് എൻജിഒയുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
“2009 ലാണ് പെണ്‍കുട്ടിയുടെ അമ്മ പ്രതിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്. എന്നാല്‍ പ്രതിയുടെ പിതാവ് സര്‍ക്കാര്‍ ജോലിയിലാരിക്കെ 2011 ല്‍ മരണമടഞ്ഞു. ഇതോടെ പ്രതിക്ക് ഹിംഗോളിയിലെ സബ് രജിസ്ട്രാർ ഓഫീസിൽ പ്യൂൺ ആയി നിയമനം ലഭിക്കാനുള്ള സാഹചര്യമുണ്ടായി. മൂന്നാമത്തെ കുട്ടി ഉണ്ടായാൽ ജോലി ലഭിക്കില്ലായെന്ന നിയമം ഉണ്ടായതിനാൽ ഒരു മകളെ മറ്റൊരാൾക്ക് കൊടുക്കാൻ അദ്ദേഹം തീരുമാനിക്കുയായിരുന്നു” -ജില്ലാ പൊലീസ് സൂപ്രണ്ട് അവിനാശ് കുമാർ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. ഇരുവരും തമ്മിലുള്ള തർക്കം അതിരുകടന്നതോടെ ഭാര്യയെ അയാൾ വീട്ടിൽ നിന്ന് പുറത്താക്കി. മൂന്ന് കുട്ടികളും അച്ഛനോടൊപ്പമാണ് താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് പുറത്താക്കിയതിനു ശേഷം മറ്റു വീടുകളിലെ അടുക്കള ജോലിയായിരുന്നു ഇവരുടെ ഉപജീവനമാർഗം.
അതേസമയം സർക്കാർ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയതിനാൽ 2018 ൽ അയാൾക്ക് ജോലി ലഭിച്ചു. കുറച്ച് കാലങ്ങൾക്ക് ശേഷം പെണ്‍മക്കളിൽ ഒരാളെ ഭർത്താവ് ബന്ധുക്കൾക്ക് കൈമാറിയതായി സ്‌ത്രീ തിരിച്ചറിഞ്ഞു. തുടർന്ന് അഭിഭാഷകനെ ബന്ധപ്പെടുകയും എൻജിഒയുടെ സഹായത്തോടെ വിശദാംശങ്ങൾ നേടുകയും ചെയ്‌തു.
വിവരാവകാശ നിയമപ്രകാരം പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളിൽ നിന്ന് വ്യക്തി വിവരങ്ങൾ ലഭിച്ചതിനു ശേഷം രേഖകളിൽ പിതാവിൻ്റെ പേര് വ്യത്യസ്‌തമാണെന്ന് കണ്ടെത്തി. തൻ്റെ കുട്ടികളെ തനിക്ക് കൈമാറണമെന്ന് സ്‌ത്രീ ആവശ്യപ്പെട്ടു. പെൺകുട്ടിയെ ദത്തെടുത്തതിന് തെളിവില്ലാത്തതിനാൽ പൊലീസ് കേസെടുത്തു.
മഹാരാഷ്ട്രയിൽ സർക്കാർ ജോലി ലഭിക്കുന്നതിനായി 2005 മാർച്ച് 28 ന് മഹാരാഷ്ട്ര സിവിൽ സർവീസസ് (അഫിഡവിറ്റ് ഓഫ് സ്മോൾ ഫാമിലി) റൂൾസ്, 2005 എന്ന നിയമം പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച്, സർക്കാർ സർവീസുകളിൽ ഗ്രൂപ്പ് എ, ബി, സി, ഡി കേഡർ തസ്‌തികകളിൽ നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകാൻ പാടില്ല.നിയമം 2001 ലാണ് ഉണ്ടാക്കിയതെങ്കിലും 2005 മാർച്ച് 28 മുതലാണ് വിജ്ഞാപനം നടപ്പിലാക്കി തുടങ്ങിയത്. അതിനാൽ, 2005 മാർച്ച് 28 ന് ശേഷം മൂന്നാമത്തെ കുട്ടി ജനിച്ച ഏതൊരു ഉദ്യോഗാർഥിയും സർക്കാർ ജോലിക്ക് യോഗ്യനല്ല.
എന്നാൽ 2005 മാർച്ച് 28 ന് ശേഷം ഒരു വർഷത്തിനുള്ളിൽ ഒരാൾക്ക് മൂന്നാമത്തെ കുട്ടി ജനിച്ചാൽ, അയാൾക്ക് ഇളവ് ലഭിക്കും. ഇതിനുപുറമെ ഒരു കുട്ടിക്ക് ശേഷം ഇരട്ടകൾ ജനിച്ചാലും അവർ ജോലിക്ക് അർഹരാണ്.