വ്യാജ ഡോക്ടർ എടുത്തത് 50ഓളം പ്രസവങ്ങൾ : ഒടുവിൽ അറസ്റ്റ്

ഗുവാഹത്തി: അസമിൽ നിന്നുള്ള വ്യാജ ഡോക്ടർ എടുത്തത് 50ഓളം പ്രസവങ്ങൾ. അതും സി.സെക്ഷനുകൾ. ഒടുവിൽ പിടിക്കപ്പെടുമ്പോഴും അയാൾ ശസ്ത്രക്രിയയിലായിരുന്നു.പുലോക്ക് മലക്കറാണ് വ്യാജ ഡോക്ടർ ചമഞ്ഞ് ചികിത്സിച്ചതിന് അറസ്റ്റിലായത്. 10 വർഷത്തോളമായി ഇയാൾ സിൽച്ചാറിലെ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ചികിത്സിച്ചു വരികയാണ്. സിസേറിയൻ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്.രഹസ്യ വിവരത്തെ തുടർന്നാണ് പുലോകിനെ അറസ്റ്റു ചെയ്തതെന്നും അന്വേഷണത്തിൽ ഇയാളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നുമാൽ മഹട്ട പറഞ്ഞു.അസമിലെ ശ്രീഭൂമി സ്വദേശിയായ പുലോകിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ വർഷം ജനുവരിയിൽ വ്യാജ ഡോക്ടർമാരെ പിടികൂടുന്നതിനുള്ള ഉദ്യമത്തിന് സർക്കാർ തുടക്കം കുറിച്ചിരുന്നു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മധ്യ വർഗ കുടുംബങ്ങളെയാണ് ഇത്തരം ആളുകൾ ലക്ഷ്യം വെക്കുന്നത്.