ധനുഷ് -ഐശ്വര്യ വിവാഹ മോചന കേസ് – വിധി 27 ന്
ചെന്നൈ: നടൻ ധനുഷ് ,ഭാര്യ ഐശ്വര്യ എന്നിവരുടെ വിവാഹമോചനക്കേസിൽ കോടതിവിധി നവംബർ 27നുണ്ടാകും. ഒരുമിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല എന്ന് ചെന്നൈ കുടുംബ കോടതിയെ ഇരുവരും അറിയിച്ചിരുന്നു . സൂപ്പർ സ്റ്റാർ രജനീകാന്തിൻ്റെ മകളാണ് ഐശ്വര്യ .
പ്രിൻസിപ്പൽ ജഡ്ജി എസ്.സുബാദേവിയുടെ അധ്യക്ഷതയിൽ നടന്ന ഹിയറിംഗിൽ ധനുഷോ ഐശ്വര്യയോ നേരിട്ട് ഹാജരായില്ല. നവംബർ 27ന് അടുത്ത വാദം കേൾക്കാൻ ഇരു കക്ഷികളും ഹാജരാകാനാണ് ജഡ്ജി ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത്. ആവശ്യപ്പെട്ടിട്ടും നേരത്തെ മൂന്നു തവണ ഇവർ കോടതിയിൽ ഹാജരായിരുന്നില്ല.
18 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2022 ജനുവരിയിൽ വേർപിരിയൽ പ്രഖ്യാപിച്ച ദമ്പതികൾ ഈ വർഷം ആദ്യം ചെന്നൈയിൽ സെക്ഷൻ 13 ബി പ്രകാരം വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. പരസ്പര സമ്മതത്തോടെയാണ് വേർപിരിയാനുള്ള തീരുമാനത്തിൻ്റെ അടിസ്ഥാനമെന്നും ഹർജിയിൽ ചൂണ്ടിക്കായിരുന്നു.
ഇരുവരും സൗഹാർദ്ദപരമായാണ് മുന്നോട്ട് പോകുന്നതെന്നായിരുന്നു അടുത്തകാലം വരെയുള്ള റിപ്പോർട്ടുകൾ .ആവർത്തിച്ചുള്ള കേസ് മാറ്റിവയ്ക്കൽ ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്. ഐശ്വര്യയുടെ പിതാവ് രജനികാന്ത് ഉൾപ്പെടെ രണ്ട് കുടുംബങ്ങളും അനുരഞ്ജനത്തിനുള്ള ശ്രമം നടത്തുന്നതായി വാർത്തയുണ്ടായിരുന്നു.
2003ൽ ധനുഷിൻ്റെ ‘കാതൽ കൊണ്ടെൻ ‘ എന്ന സിനിമ കണ്ടതിനു ശേഷമാണ് ഐശ്വര്യ, ധനുഷുമായി അടുക്കുന്നത് . 2004-ൽ ഇരുവരും മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായി .