EDക്കെതിരെ 6 പേജ് കുറിപ്പെഴുതി വ്യവസായിയും ഭാര്യയും ജീവനൊടുക്കി
മനോജ് പർമറുടെ ആത്മഹത്യകുറിപ്പിൽ ED വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും ആഭരണങ്ങളും അതിന്റെ അസൽ രേഖകളും പിടിച്ചെടുത്തതായും കെട്ടിച്ചമച്ച മൊഴികളിൽ ഒപ്പിടാൻ എന്നെ നിർബന്ധിച്ചതായും പറയുന്നുണ്ട് . ഫോൺ പിടിച്ചെടുക്കുകയും വഴങ്ങിയില്ലെങ്കിൽ കൂടുതൽ കേസുകളിൽ കുടുക്കുമെന്ന് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും സൂചിപ്പിച്ചിട്ടുണ്ട്.
ഭോപ്പാല്‍: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കത്തെഴുതിവെച്ച ശേഷം വ്യവസായിയും ഭാര്യയും ജീവനൊടുക്കി. മധ്യപ്രദേശിലെ വ്യവസായി മനോജ് പർമറും ഭാര്യ നേഹ പർമറുമാണ് ജീവനൊടുക്കിയത്. ഇഡി ഉദ്യോഗസ്ഥർ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് ഇവർ എഴുതിയ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് ആറ് കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് മനോജിനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് ഇഡി പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ മനോജിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുകയും അക്കൗണ്ടിലെ 3.5 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മനോജിനെ ഇഡി അറസ്റ്റ് ചെയ്തു. ഇതിന് ശേഷം മനോജ് കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
‘ഭാരത് ജോഡോ ‘യാത്രയ്ക്കിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് ഒരു പിഗ്ഗി ബാങ്ക് (കുടുക്ക സമ്മാനിച്ചതോടെയാണ് മനോജ് പാർമാർ ശ്രദ്ധേയനാകുന്നത്..അതിനു ശേഷം ബിജെപിയുടെ നോട്ടപ്പുള്ളിയായി പാർമാർ മാറിയെന്ന് കോൺഗ്രസ്സ് നേതാക്കൾ ആരോപിക്കുന്നു.
പാർമറുടേത് ആത്മഹത്യയല്ല, കൊലപാതകമാണ്,എന്നും മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് പറഞ്ഞു.കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ഇഡിയോട് സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ടു.
എന്നാൽ ബിജെപിയുടെ സംസ്ഥാന മാധ്യമ ചുമതലയുള്ള ആശിഷ് അഗർവാൾ ആരോപണങ്ങൾ മുഴുവൻ നിഷേധിച്ചു. “കോൺഗ്രസ് ഒരു ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി മുതലെടുക്കുകയാണ്. ഇത് നിർഭാഗ്യകരവും അപലപനീയവുമാണ്,” അദ്ദേഹം പറഞ്ഞു.
ആത്മഹത്യാക്കുറിപ്പിൽ, റെയ്ഡിനിടെ ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ സഞ്ജിത് കുമാർ സാഹു നടത്തിയ മാനസിക പീഡനം, ശാരീരിക ആക്രമണം, നശീകരണ പ്രവർത്തനങ്ങളെല്ലം സൂചിപ്പിച്ചിട്ടുണ്ട്. മനോജ് തൻ്റെ മക്കളെ ബിജെപിയിൽ ചേർക്കാൻ മനോജ് പാർമറെ സാഹു നിർബന്ധിച്ചെന്നും രാഹുൽ ഗാന്ധിക്കെതിരെ മൊഴി രേഖപ്പെടുത്തണമെന്ന് തന്നോടും മക്കളോടും ആവശ്യപ്പെട്ടതായും കുറിപ്പിൽ പറയുന്നു.
മാതാപിതാക്കളെ EDയുടെ അസഹനീയമായ മാനസിക സമ്മർദ്ദം കാരണമാണ് മാതാപിതാക്കൾ ആത്മഹത്യ ചെയ്തതെന്ന് പാർമറുടെ മക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് സൂപ്രണ്ട് ദീപക് ശുക്ല സ്ഥിരീകരിക്കുകയും സമഗ്രമായ അന്വേഷണം നടത്തുമെന്ന് മാധ്യമങ്ങളെ അറിയിക്കുയും ചെയ്തു.ഫോറൻസിക് സംഘം തെളിവുകൾ വിശകലനം ചെയ്തു വരികയാണെന്നും കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പോലീസ് ഓഫീസർ ആകാശ് അമാൽക്കർ പറഞ്ഞു.
സംഭവം ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് വഴിവെച്ചിരിക്കയാണ് തങ്ങളുടെ പാർട്ടിയുമായുള്ള ബന്ധം മൂലമാണ് മനോജ് പർമറിനെ ബിജെപി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
മരണത്തിന് ഒരു ദിവസം മുമ്പ് മനോജ് പർമറും നേഹയും കുട്ടികളുമായി സുസ്നറിന് സമീപമുള്ള ബഗ്ലാമുഖി ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. രാത്രി വൈകി വീട്ടിൽ തിരിച്ചെത്തിയ ഇവർ കുട്ടികളെ പ്രത്യേകം വീട്ടിൽ പാർപ്പിച്ചു.ദമ്പതികൾക്ക് 18, 16, 13 വയസ്സുള്ള മൂന്ന് മക്കളുണ്ട് .