അദാനിയെ കൊണ്ടുവന്നത് ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്, രാഹുലുമായി വാക്പോര്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച ‘സിപിഎം-ബിജെപി ഡീല്‍’ അടക്കമുള്ള ആരോപണങ്ങളില്‍ ഇന്ത്യ സഖ്യ യോഗത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം. യോഗത്തില്‍ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസ് എംപിയാണ്, ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി തുടങ്ങിയ രാഹുലിന്‍റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചത്. ഇതിനു രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇരു നേതാക്കളും തമ്മിലുള്ള വാക് പോരിനും ഇടയാക്കി. ജോണ്‍ ബ്രിട്ടാസിന്‍റെ വിമര്‍ശനങ്ങളെ ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്ത സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും പിന്തുണച്ചിരുന്നു. എന്നാല്‍ താന്‍ സംസാരിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. തുടര്‍ന്ന് അദാനിയിലേക്കും എത്തുകയായിരുന്നു.
അദാനി ഗ്രൂപ്പിന് കേരളത്തില്‍ തുറമുഖ പദ്ധതി അനുവദിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനം, ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി തീര്‍ന്നതിന് തെളിവാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഈ പ്രസ്താവനയെ എതിര്‍ത്ത ജോണ്‍ ബ്രിട്ടാസ്, വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനി പോര്‍ട്ട്‌സിനെ കൊണ്ടു വന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടി. ആദ്യം കരാര്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നാണ് ബ്രിട്ടാസ് വ്യക്തമാക്കിയത്.
ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ ഗാന്ധിയുടേയും പ്രസ്താവനകളെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. രാഹുലും ഖാര്‍ഗേയും പോലുള്ള നേതാക്കള്‍ ഇത്തരം ആരോപണം ഉന്നയിച്ചാല്‍ ഇന്ത്യ മുന്നണിയുടെ പ്രസക്തി തന്നെയാണ് നഷ്ടപ്പെടുകയെന്നും ബ്രിട്ടാസ് പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
