ജൂതസംസ്കൃതിയിലെ കറുത്ത ജൂതൻ

ബിജു വിദ്യാധരൻ
സലിം കുമാർ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ആണ് ‘കറുത്ത ജൂതൻ’. 2017 ആഗസ്റ്റ് 18ന് ചിത്രം തിയറ്ററുകളിലെത്തി. ചിത്രം വിതരണം ചെയ്തത് എൽ.ജെ ഫിലിംസ് ആണ്. 2000 വർഷങ്ങൾക്ക് മുൻപ് ഇസ്രായേലിൽ നിന്നും പ്രാണരക്ഷാർത്ഥം കേരളത്തിലെ മുസരീസ് (കൊടുങ്ങല്ലൂർ) തുറമുഖത്ത് എത്തുകയും 2500 വർഷക്കാലം മലയാള മണ്ണിൽ ജീവിതം കഴിച്ചുകൂട്ടി , സ്വാതന്ത്രാനന്തര ഇസ്രായേൽ ഭരണകൂടത്തിന്റെ വിളി വന്നപ്പോൾ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയ മലബാറി ജൂതന്മാരുടെ അഥവാ കറുത്ത ജൂതന്മാരില് ഒരാളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇപ്പോൾ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ട് ഒരു ജൂതന്റെ വീടായിരുന്നു എന്ന് സലീം കുമാർ അറിഞ്ഞപ്പോൾ അത് അന്വേഷിച്ചറിയാനുള്ള കൗതുകമാണ് ‘കറുത്ത ജൂതൻ ‘ എന്ന സിനിമയായി പരിണമിച്ചത്. 2000 വർഷം മുൻപ് ഇസ്രായേലിൽ നിന്ന് പലായനം ചെയ്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കുടിയേറിയ ജൂതന്മാരുടെ കൂട്ടത്തിൽ കേരളത്തിൽ എത്തി കേരളീയജീവിതവുമായി അത്രമേൽ ഇണങ്ങി രണ്ടായിരം കൊല്ലത്തോളം ഇവിടെ മലയാളികളായി ജീവിച്ച മലബാറിജൂതന്മാരുടെ ചരിത്രമാണ് ആരോൺ ഇല്യാഹു എന്ന കേന്ദ്രകഥാപാത്രത്തെ മുൻ നിർത്തി സലീംകുമാർ സിനിമയിൽ കാണിച്ചുതരുന്നത്.
മുകുന്ദപുരം താലൂക്കിലെ ഒരു സമ്പന്നജൂതകുടുംബത്തിൽ ജനിച്ച ആരോൺ ഇല്യാഹു എന്ന അവറോണിജൂതന് ബാല്യകൗമാരങ്ങൾക്കിടയിൽ അച്ഛനെ നഷ്ടപ്പെടുന്നു. ഉന്നതവിദ്യാഭ്യാസത്തിന് ശേഷം വിജ്ഞാനത്വരയാൽ അമ്മയെയും സഹോദരിയെയും വീട്ടിലാക്കി ഇൻഡ്യയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ജൂതസംസ്കൃതിയെകുറിച്ച് ഗവേഷണം നടത്താനായി അയാൾ ദീർഘയാത്ര പുറപ്പെടുകയാണ്. അറിവുതേടിയുള്ള യാത്രക്കിടയിൽ, ഉത്തരേന്ത്യയിലെവിടെയോ വച്ച് അപകടത്തിൽ പെട്ട് കോമാസ്റ്റേജിൽ അവിടെ കിടപ്പിലാവുന്നതാണ് ആരോണിന്റെ ജീവിതത്തിലെ വഴിത്തിരിവ്. മരിച്ചുപോയിട്ടുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ച് അയാളുടെ പെട്ടി മാത്രമാണ് വീട്ടിൽ തിരിച്ചെത്തുന്നത്. അതിനിടയിൽ വാഗ്ദത്തഭൂമി സ്വന്തമായ ലോകമെമ്പാടുമുള്ള ജൂതന്മാർ സ്വന്തം രാജ്യത്തിലേക്ക് യാത്രയാവുമ്പോൾ ആരോണിന്റെ അമ്മയും പെങ്ങളും ഉൾപ്പടെയുള്ള മലബാറിജൂതന്മാരും ഇസ്രായേലിലേക്ക് കപ്പൽ കയറുന്നു. ആരോൺ എന്നെങ്കിലും തിരിച്ചുവരികയാണെങ്കിൽ കൈമാറാനായി തങ്ങളുടെ സ്വത്തുവകകളും രേഖകളും പഞ്ചായത്ത് അധികാരികളെ ഏൽപ്പിച്ചുകൊണ്ടാണ് അവർ പോയതെങ്കിലും ദശകങ്ങൾ കൊണ്ട് അത് പലരാൽ കയ്യേറപ്പെട്ടും അന്യാധീനപ്പെട്ടും നഷ്ടപ്പെട്ടുപോകുന്നു. രമേശ് പിഷാരടി, ഉഷ, സുധീഷ് സുധി, ശിവജി ഗുരുവായൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സംഗീതം ബി.ആർ ഭിജൂറാം. ഛായാഗ്രഹണം ശ്രീജിത്ത് വിജയൻ. 2016 ലെ 47മത് സംസ്ഥാന ഫിലിം അവാർഡ് പ്രഖ്യാപനത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്കാരം ചിത്രം നേടി.
2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. നാലു വർഷത്തോളം, കൊച്ചിൻ ആരതി തിയേറ്റേർസിന്റെ നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. ഈശ്വരാ, വഴക്കില്ലല്ലോ എന്ന പേരിൽ തന്റെ ജീവചരിത്രം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
