ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാൻ മുകേഷ് അംബാനി റിലയൻസ്
മുംബൈ : ഫ്രഞ്ച് റീട്ടെയ്‌ലറായ ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയ്‌ൽ. ഡെക്കാത്‌ലോൺ മാതൃകയിൽ സ്പോർട്സ് മേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ശൃംഖലയാണു കമ്പനി ലക്ഷ്യമിടുന്നതെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് 8,000 – 10,000 ചതുരശ്ര അടിയിൽ വിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിക്കാനാണു നീക്കം. ഈ ശൃംഖലയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡെക്കാത്‌ലോണിന്റേതിനു സമാനമായ ബിസിനസ് മോഡലാണ് റിലയൻസ് പരീക്ഷിക്കാൻ പോകുന്നതെന്നാണു വിവരം.
2009ലാണ് ഡെക്കാത്‌ലോൺ ഇന്ത്യയിലെത്തിയത്. കോവിഡിനുശേഷം വൻകുതിപ്പാണ് ഇന്ത്യയിൽ ഡെക്കാത്‌ലോണിന് ഉണ്ടായിരിക്കുന്നത്. 2021ൽ 2,079 കോടിയും 2022ൽ 2,936 കോടിയും 2023ൽ 3,955 കോടിയുമായിരുന്നു വരുമാനം. ഓരോ വർഷവും കുറഞ്ഞത് 10 സ്റ്റോറുകൾ വീതം ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ സ്ഥാപിക്കുകയാണ് ഡെക്കാത്‌ലോണിന്റെ പദ്ധതിയെന്ന് കമ്പനിയുടെ ചീഫ് റീട്ടെയ്ൽ ആൻഡ് കൺട്രീസ് ഓഫിസർ സ്റ്റീവ് ഡൈക്സ് പറഞ്ഞിരുന്നു. ഓൺലൈനിലും കമ്പനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ചൈനീസ് ഫാഷൻ കമ്പനിയായ ഷിഇന്നിനെ ഇന്ത്യയിലേക്ക് എത്തിക്കാൻ റിലയൻസ് ശ്രമിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ഡെക്കാത്‌ലോണിന്റെ കാര്യവും വരുന്നത്. 2008ൽ ക്രിസ് ചു എന്നയാളാണ് ഷിഇൻ സ്ഥാപിച്ചത്. അതിർത്തി സംഘർഷത്തെത്തുടർന്ന് 2020ൽ ചൈനീസ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തിയ കൂട്ടത്തിൽ ഷെയ്നിനും വിലക്കുണ്ടായിരുന്നു.