ഭാസ്കര കാരണവർ വധകേസ് പ്രതി ഷെറിന് ജയിൽ മോചനം

0

തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് മന്ത്രിസഭ ജയിൽമോചനം അനുവദിച്ചു. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച അപേക്ഷയും നല്ലനടപ്പും പരിഗണിച്ചാണ് ശിക്ഷയിൽ ഇളവു ചെയ്ത് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. തന്റെ മകൻ പുറത്തുണ്ടെന്നും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു.

ചെങ്ങന്നൂർ ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ട കേസിലാണ് മകൻ ബിനു പീറ്ററിന്റെ ഭാര്യ ഷെറിൻ ശിക്ഷിക്കപ്പെട്ടത്. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത‍ൃപിതാവ് കൊല്ലപ്പെട്ടത്. ഷെറിനായിരുന്നു ഒന്നാം പ്രതി. ധനിക കുടുംബാംഗമായിരുന്ന ശാരീരിക വെല്ലുവിളികളുള്ള ബിനുവുമായി 2001ലാണ് ഷെറിൻ വിവാഹിതയായത്.

സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബത്തിലെ അംഗമായിരുന്നു ഷെറിൻ. ഏറെ വൈകാതെ ഇരുവരുടെയും ബന്ധം മോശമായി. ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിന്റെ മറ്റു ബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭർതൃപിതാവ് വധിക്കപ്പെട്ടു. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.

14 വർഷം തടവുപൂർത്തിയാക്കിയ മറ്റു നിരവധി വനിതാ തടവുകാർ മോചനം കത്ത് കേരളത്തിലെ ജയിലുകളിൽ ഉണ്ടെന്നിരിക്കെ ഷെറിന് സർക്കാർ നൽകിയ പ്രത്യേക പരിഗണനയിൽ ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയിട്ടുണ്ട്. ജയിലിൽ എന്നും പ്രശ്നക്കാരിയാണ് ഷെറിൻ എന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് നല്ലനടപ്പ് കൂടി കണക്കിലെടുത്തതുകൊണ്ട് മോമോചിപ്പിക്കാൻ സർക്കാർ തീരുമാനിക്കുന്നത്.

പരോളിലിറങ്ങുന്ന ഷെറിനെ ജയിൽ വളപ്പിൽ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നത് ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷിയുടെ നേതാവിൻ്റെ വാഹനത്തിലായിരുന്നെന്നും ശിക്ഷായിളവിനുള്ള ഫയൽ ജയിൽ ഉപദേശക സമിതിയുടെ ശുപാർശയോടെ ദ്രുതവേഗം മന്ത്രിസഭയ്ക്ക് മുന്നിലെത്തിച്ചതും അനുകൂല തീരുമാനം എടുപ്പിച്ചതും ഈ നേതാവാണെന്നും ഉള്ള ചില പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ ചില മാധ്യമ പ്രവർത്തകർ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മന്ത്രിസഭായോഗ തീരുമാനത്തിന് ഗവർണറുടെ അംഗീകാരം കൂടി ലഭിച്ചാൽ ഷെറിന് മോചനം സാധ്യമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *