അനന്തപത്മനാഭന്റെ മരണം കൊലപാതകം : നാട്ടുകാരനായ പ്രതി അറസ്റ്റിൽ
കൊല്ലം : ശാസ്താംകോട്ടയിൽ മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി, നാട്ടുകാരനായ പ്രതി അറസ്റ്റിൽ.ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ ഭാഗത്ത് ഗൗരി നന്ദനംവീട്ടിൽ ഡിബികോളജ് മുന്‍ സൂപ്രണ്ട് പപ്പൻ എന്നു വിളിക്കുന്ന അനന്തപത്മനാഭൻ(61) മരിച്ച കേസ്സിലാണ് ശൂരനാട് തെക്ക് കുമരഞ്ചിറ അയണിക്കാട്ടിൽ കിഴക്കതിൽ വീട്ടിൽ രജിത്ത് (40) അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളി രാത്രിയോടെ രക്തസ്രാവം സംഭവിച്ച നിലയിൽ വീട്ടിലെത്തിയ അനന്തപത്മനാഭനെ ബന്ധുക്കൾ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഏതെങ്കിലും രോഗബാധയെ തുടർന്നു സംഭവിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
വെള്ളിയാഴ്ച ശൂരനാട് തെക്ക് മാമ്പിയിൽ മുക്ക് വെച്ച് അനന്തപത്മനാഭനും രജിത്തുമായി സാമ്പത്തിക ഇടപാടിനെ ചൊല്ലി വാക്ക് തർക്കം ഉണ്ടായി.തുടർന്ന് രഞ്ജിത്ത് അനന്തപത്മനാഭനെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചു.ഇതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് അനന്തപത്മനാഭനെ മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് കണ്ടെത്തി.അനന്ത പത്മനാഭന്റെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് നാട്ടിൽ നിന്നും മുങ്ങാൻ ശ്രമിച്ച രഞ്ജിത്തിനെ ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ദീപു പിള്ള,ഗോപകുമാർ,സിപിഒ മാരായ ബിനോജ്,അരുൺ രാജ്, ശ്രീകാന്ത്, സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
