ഹൈലൈനിങ് സാഹസികതകൊണ്ട് വിസ്മയിപ്പിച്ച്‌ ഹോളിഏഞ്ചൽസിലെ പൂർവ്വ വിദ്യാർത്ഥി (video)

0

മഹാരാഷ്ട്രയിലെ വിദ്യാലയങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ‘ഹൈലൈനിങ്’കായിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് 

ഡോംബിവ്‌ലി : മഹാരാഷ്ട്രയിലെ വിദ്യാലയങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ‘ഹൈലൈനിങ് ‘എന്ന സാഹസിക കായിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് .
സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥിയും രാജ്യത്തെ നിരവധി ഭാഗങ്ങളിൽ ഹൈലൈനിങ്‌ ചെയ്‌ത്‌ പ്രശസ്തനാകുകയും ചെയ്‌ത തോഷിത് നായിഡു എന്ന യുവാവാണ് ഒരു വിദ്യാലയത്തിൽ ആദ്യമായി തൻ്റെ സാഹസിക പ്രകടനത്തിനായി ഇടം കണ്ടെത്തുന്നത്. സ്‌കൂളിന്റെ രണ്ടു കെട്ടിടങ്ങളിലർ നാലാം നിലകളുമായി ബന്ധിപ്പിച്ച കയറിലൂടെ നടന്നാണ് ഹോളിഏഞ്ചൽസിലെ തന്നെ പഠിപ്പിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രദർശനം കാണാനെത്തിയ മറ്റുള്ളവരേയും തോഷിത് അമ്പരപ്പിച്ചത്.

ചെറിയ പ്രായം മുതലുള്ള സാഹസിക കായിക മേഖലയിലെ തോഷിതിൻ്റെ ധൈര്യവും അർപ്പണബോധവും വൈദഗ്ധ്യവുമാണ് പലരും അപൂർവമായി കടന്നുവരാറുള്ള ഈ രംഗത്തേക്ക് അദ്ദേഹത്തെ എത്തിച്ചതെന്നും അതിനൊരു വേദി ഒരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മറ്റുകുട്ടികൾക്കും ഇതുവലിയ പ്രചോദനമാകുമെന്നും ഹോളിഏഞ്ചൽസ് വിദ്യാലയങ്ങളുടെ മാനേജിംഗ് ഡയറക്റ്റർ ഡോ . ഉമ്മൻ ഡേവിഡ് പറഞ്ഞു.ഹോളിഏഞ്ചൽസ് ജൂനിയർ കോളേജിലെ ഒരു പൂർവ വിദ്യാർത്ഥി എന്ന നിലയിൽ തോഷിത്തിന്റെ ഉയരങ്ങളിലേക്കുള്ള സാഹസികയാത്രകളിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധൈര്യമുള്ളവർക്ക് മാത്രം കടന്നുവരാൻ സാധിക്കുന്ന ഈ കായിക മേഖലയിലേക്ക് പുതുതലമുറ കടന്നുവരാൻ മടിക്കുന്നുണ്ട് . ജീവിതത്തിൻ്റെ മുന്നോട്ടുള്ള യാത്രയിൽ ,ഏകാഗ്രത , ആത്മനിയന്ത്രണം ,ധൈര്യം ,സാഹസികതയൊക്കെ ഇന്ന് അനിവാര്യമാണ് . ഹൈലൈനിങ് പരിശീലനം അതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് . അതിന് അവർക്കു എന്നിലൂടെ പ്രചോദനം ലഭിക്കട്ടെ എന്ന ലക്ഷ്യമാണ് മലകളിലും പാറക്കെട്ടുകളിലും മാത്രം ചെയ്തുവന്നിരുന്ന ഈ പ്രകടനം ഇവിടെ വെച്ച് ചെയ്യാൻ കാരണമെന്ന് തോഷിത് നായിഡു ‘സഹ്യ ‘ന്യുസിനോട് പറഞ്ഞു.

വിദ്യാർത്ഥികൾക്കിടയിൽ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമാണിതെന്നും ധൈര്യം, സർഗ്ഗാത്മകത, സാഹസികത എന്നിവ വിദ്യാർത്ഥികളിൽ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കിടയിലുള്ള തോഷിത്തിന്റെ ഹൈലൈനിംഗ് സാഹസിക പ്രകടനം എല്ലാ വിദ്യാർത്ഥികളും വലിയ പ്രചോദനം ആകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഈ ദിവസം ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തുമെന്നും ഹോളി ഏഞ്ചൽസ് പ്രിൻസിപ്പൽ ബിജോയ് ഉമ്മൻ പറഞ്ഞു.

“വെല്ലുവിളികൾ സ്വീകരിക്കാനും ഭയങ്ങളെ കീഴടക്കാനും അതുല്യമായ അവസരങ്ങൾ പിന്തുടരാൻ വിദ്യാർത്ഥികൾക്ക്  ,   ഹൈലൈനിംഗ് സാഹസിക പ്രകടനം പ്രചോദനമാകും”  ബിജോയ് ഉമ്മൻ പറഞ്ഞു.

 

സ്ഥാപനത്തിന്റെ ഡയറക്റ്റർ ലീല ഉമ്മൻ ,അധ്യാപക അനധ്യാപകർ ,നിരവധി മാധ്യമപ്രവർത്തകർ ,തോഷിത് നായിഡുവിന്റെ അമ്മയും സഹോദരിയും തുടങ്ങിയവർ പ്രകടനം കാണാനെത്തിയിരുന്നു.
തോഷിത് നായിഡുവിനെ പൊന്നാടയും മെമന്റോയും നൽകി ഡോ.ഉമ്മൻ ഡേവിഡും ലീല ഉമ്മൻഡേവിഡും
ആദരിച്ചു .വിദ്യാർത്ഥികളുടെയും മറ്റു പ്രേക്ഷകരുടെയും തുടക്കം മുതലുണ്ടായിരുന്ന നിറഞ്ഞ കൈയടികളോടെയായിരുന്നു പരിപാടിക്ക് സമാപനവും കുറിച്ചത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *