നടൻ വരുൺ കുൽക്കർണിക്ക് വൃക്കരോഗം : സഹായം അഭ്യർത്ഥിച്ച് സുഹൃത്തുക്കൾ
മുംബൈ:ബോളിവുഡ് നടൻ വരുൺ കുൽക്കർണി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ രോഗത്തെ തുടർന്നാണ് വരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനിടെ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ട് താരത്തിന്റെ സുഹൃത്ത് റോഷൻ ഷെട്ടി പങ്കുവച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ചികിത്സയിലുള്ള താരത്തിന്റെ ചിത്രവും സുഹൃത്ത് പങ്കുവച്ചു.
‘നടനും എന്റെ പ്രിയ സുഹൃത്തുമായ വരുൺ കുൽക്കർണി വൃക്കസംബന്ധമായ രോഗം ബാധിച്ച് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അവന്റെ ചികിത്സാ ചെലവുകൾ വർദ്ധിച്ചുക്കുന്നു. ആഴ്ചയിൽ രണ്ട് മൂന്ന് തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്. ദിവസേനയുള്ള മറ്റ് ചെലവുകളും ധാരാളമുണ്ട്. വരുണിന്റെ ചികിത്സാ ചെലവുകൾക്ക് സുമനസുകളുടെ സഹായം ആവശ്യമാണ്-
വരുൺ കുൽക്കർണി ഒരു മികച്ച കലാകാരൻ മാത്രമല്ല, ദയയും നിസ്വാർത്ഥനുമായ ഒരു മനുഷ്യൻ കൂടിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം അന്നുമുതൽ സ്വന്തം കഴിവുകൊണ്ട് വളർന്നുവന്ന കലാകാരനാണ്.എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി നാടകത്തോടുള്ള തൻ്റെ അഭിനിവേശം പിന്തുടരുന്നു. എന്നിരുന്നാലും, ഒരു കലാകാരൻ്റെ ജീവിതം പലപ്പോഴും സാമ്പത്തിക വെല്ലുവിളികളോടെയാണ് മുന്നോട്ടുപോയിരുന്നത് . ഈ പ്രയാസകരമായ നിമിഷത്തിൽ, എല്ലാവരുടെയും പിന്തുണ അദ്ദേഹത്തിന് അത്യാവശ്യമാണ് ”
“നിങ്ങളുടെ പിന്തുണ – തുക എത്രയായാലും – വലിയ മാറ്റമുണ്ടാക്കാൻ കഴിയും. ഈ സന്ദേശം പങ്കിടുന്നത് പോലും കൈത്താങ്ങായേക്കാവുന്ന കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കും. വരുണിനെ സ്റ്റേജിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കാൻ നമുക്ക് ഒരുമിക്കാം ,” അദ്ദേഹം പറഞ്ഞു.
ഷാരൂഖ് ഖാനും വിക്കി കൗശലിനുമൊപ്പം ‘ദുങ്കി’ എന്ന ചിത്രത്തിൽ വരുൺ കുൽക്കർണിക്ക് ശ്രദ്ധേയമായ വേഷം ആയിരുന്നു.