മാസപ്പടി കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർ നടപടികളിലേക്ക് കടന്നു. തുടർനടപടികളുടെ ഭാഗമായി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇ സി ഐ ആർ രജിസ്റ്റർ ചെയ്തു. നിലവിൽ കേസിൽ എസ് എഫ് ഐ ഒ അന്വേഷണ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർ നടപടികളിലേക്ക് കടന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇ സിഐ ആർ രജിസ്റ്റർ ചെയ്യുന്നത് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തുല്യമാണ്. മാസപ്പടി വിവാദത്തിലെ പരാതിക്കാരനായ ഷോൺ ജോർജ് കേസിൽ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയിൽ അധിക ഹർജി സമർപ്പിച്ചിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങൾ ശേഖരിച്ചതിന് ശേഷമാണ് ഇപ്പോൾ തുടർനടപടികളിലേക്ക് കടന്നിരിക്കുന്നത്. കൊള്ള നടന്നതാണെന്നും ഇതിന് കൃത്യമായ രേഖകൾ ഉണ്ടെന്നും എസ്എഫ്ഐയുടെ അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും വ്യക്തമാക്കിയ പരാതിക്കാരനായ ഷോൺ ജോർജ് കൃത്യമായ അന്വേഷണത്തിന്റെ പൂർത്തീകരണത്തിന് ഇഡിയുടെ അന്വേഷണവും കേസിൽ ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.